ഛണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി; ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച് സുപ്രീം കോടതി

Jaihind Webdesk
Tuesday, February 20, 2024

 

ന്യൂഡല്‍ഹി: ചണ്ഡീഗഡ് മേയർ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി. ആം ആദ്മി ഉൾപ്പെടുന്ന ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥി മേയറാകും. ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥി കുൽദീപ് കുമാറിന് ഇരുപതും ബിജെപി സ്ഥാനാർത്ഥിക്ക് 16-ഉം വോട്ടുകൾ ആണ് ലഭിച്ചത്. നേരത്തെ തിരഞ്ഞെടുക്കപ്പെട്ടയാൾ രാജിവെച്ച് പുതിയ തിരഞ്ഞെടുപ്പ് ആയിരുന്നു ബിജെപി ലക്ഷ്യമിട്ടത്. എന്നാൽ ഇന്ന് കേസ് സുപ്രീം കോടതി പരിഗണിച്ചപ്പോൾ ഇതിന്‍റെ ബാലറ്റ് പേപ്പറും വീഡിയോയും അടക്കം ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു. ബാലറ്റ് പേപ്പറിൽ തിരിമറി നടത്തി 8 വോട്ടുകൾ അസാധുവാക്കിയാണ് ബിജെപി സ്ഥാനാർത്ഥിയെ നേരത്തെ വിജയിപ്പിച്ചത്. ഇത് വീഡിയോ ദൃശ്യങ്ങളിലൂടെ സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ത്യ സഖ്യത്തിന്‍റെ സ്ഥാനാർത്ഥിയെ വിജയിയായി സുപ്രീം കോടതി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ബാലറ്റ് പേപ്പറില്‍ കൃത്രിമം കാണിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച കോടതി വരാണാധികാരിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടു. പിന്നാലെ കേസിലെ ഹര്‍ജിക്കാരന്‍ കൂടിയായ എഎപി മേയര്‍ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിനെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചു. റിട്ടേണിംഗ് ഓഫീസര്‍ അനില്‍ മസിഹ് അസാധുവാക്കിയ എട്ട് ബാലറ്റുകള്‍ സാധുവാണെന്നും അവ എഎപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥി കുല്‍ദീപ് കുമാറിന് അനുകൂലമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി. വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച കോടതി ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുവെന്ന് വരണാധികാരിയെ വിചാരണ ചെയ്യേണ്ടതാണെന്നും വാക്കാൽ നിരീക്ഷിച്ചിരുന്നു. കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ മസീഹിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും കോടതി പറഞ്ഞിരുന്നു.