കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്‍റെ പ്രചാരണ പദയാത്ര അതിവേഗം തുടരുന്നു. ഉപതിരഞ്ഞെടുപ്പിൽ ഓരോ വീടുകളും കയറി വോട്ട് അഭ്യർത്ഥിച്ച് യുഡിഎഫ് സ്ഥാനാർത്ഥി നടന്നുനീങ്ങുകയാണ്. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലും ഒരേപോലെ തന്നെ ഓടിയെത്തി വോട്ട് അഭ്യർത്ഥിക്കുകയാണ് ചാണ്ടി ഉമ്മൻ.
രാവിലെ പുതുപ്പള്ളി പള്ളിയിൽ എത്തി തന്‍റെ പിതാവിന്‍റെ കല്ലറയിൽ പ്രാർത്ഥിച്ചതിനുശേഷമാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. രാവിലെ 8.30 മുതൽ തുടങ്ങുന്ന പ്രചാരണ പദയാത്ര രാത്രി ഏറെ വൈകിയാണ് അവസാനിക്കുന്നത്. പുതുപ്പള്ളി മണ്ഡലത്തിലെ ഓരോ വീട്ടിലും അതിവേഗത്തിൽ എത്തി വോട്ട് അഭ്യർത്ഥിച്ചാണ് ചാണ്ടി ഉമ്മൻ നടന്നു നീങ്ങുന്നത്.
അതിവേഗത്തിലാണു പ്രചാരണം. വീട്ടുകാരുമായി കുശലം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചാണു മടക്കം. ചുരുങ്ങിയ പ്രചാരണ ദിവസങ്ങൾക്കുള്ളിൽ കൂടുതൽ ആളുകളെ നേരിൽ കാണാനാണ് ചാണ്ടി ഉമ്മൻ ശ്രമിക്കുന്നത്. ഭാരത് ജോഡോ യാത്രയിൽ ഇന്ത്യ മുഴുവൻ രാഹുൽ ഗാന്ധിക്കൊപ്പം നടന്ന ചാണ്ടി ഉമ്മന് നടത്തം ഒരു പ്രശ്നമല്ല. ഇതിനിടെ ഒപ്പം നിന്ന് ചിത്രം പകർത്താനും ജനങ്ങളെത്തും. അവരെയും നിരാശരാക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്യും. മണ്ഡലത്തിലെ എല്ലാ വാർഡുകളിലും എത്തി പരമാവധി ആളുകളെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചാണ് ചാണ്ടി ഉമ്മൻ നീങ്ങുന്നത്.