കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനായി യുഡിഎഫിന്‍റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ നേതാക്കൾക്കാണ് പ്രധാനപ്പെട്ട ചുമതലകൾ നൽകിയിരിക്കുന്നത്. പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം കോൺഗ്രസിന് ഈ തെരഞ്ഞെടുപ്പ് കേന്ദ്ര-കേരള സർക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമായി ഉപയോഗിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എണ്ണയിട്ട് ചലിക്കുന്ന യന്ത്രം പോലെ കോൺഗ്രസ് പ്രവർത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഓഗസ്റ്റ് പന്ത്രണ്ടാം തീയതി മുതൽ കോൺഗ്രസ് നേതാക്കളുടെ നേതൃത്വത്തിൽ പുതുപ്പള്ളി മണ്ഡലത്തിൽ ഭവന സന്ദർശനം ആരംഭിക്കും. പതിനാലാം തീയതി നിയോജകമണ്ഡലം കൺവെൻഷൻ പാമ്പാടിയിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും.
അതേസമയം പുതുപ്പള്ളിയിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് കേരള-കേന്ദ്ര സർക്കാരുകളെ വിചാരണ ചെയ്യാനുള്ള അവസരമാക്കി ഉപയോഗിക്കുമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. പുതുപ്പള്ളിയിലെ കോൺഗ്രസ് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്നെ സിപിഎമ്മിന്‍റെ ആരോപണത്തിനും രൂക്ഷമായ ഭാഷയില്‍ അദ്ദേഹം മറുപടി നൽകി. പുലർകാലയത്ത് കണ്ട സ്വപ്നമാണ് സിപിഎം പറഞ്ഞത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മറുപടി.
തൃക്കാക്കരയിൽ മന്ത്രിമാരെ ഇറക്കി പ്രചാരണം നടത്തിയ സിപിഎം തന്ത്രം പുതുപ്പള്ളിയിൽ ഒഴിവാക്കിയതിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു. തൃക്കാക്കരയിൽ മന്ത്രിമാരെ ഇറക്കിയ അവസ്ഥയല്ല ഇപ്പോഴുള്ളത്. ഇപ്പോൾ മന്ത്രിമാരെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇറക്കിയാൽ അത് സിപിഎമ്മിന് തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം മണർകാട് പള്ളി പെരുന്നാൾ ഉള്ളതുകൊണ്ടാണ് തിരഞ്ഞെടുപ്പ് മാറ്റണം എന്ന ആവശ്യം ഉയർന്നതെന്നും ഇക്കാര്യങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിട്ടുണ്ടെന്നും വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം കാത്തിരിക്കണമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.