പുതുപ്പള്ളിയിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെ അവഗണിക്കുന്നു; പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ

Jaihind Webdesk
Saturday, February 3, 2024

കോട്ടയം: വേറിട്ട പ്രതിഷേധവുമായി ചാണ്ടി ഉമ്മൻ എംഎൽഎ.  പുതുപ്പള്ളിയിലെ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തെ പൂർണ്ണമായി അവഗണിക്കുന്ന ജില്ലാ പഞ്ചായത്തിനെതിരെയാണ് വ്യത്യസ്ത പ്രതിഷേധ മുഖവുമായി ചാണ്ടി ഉമ്മൻ എത്തിയത്. മൈതാനത്ത് ക്രിക്കറ്റ് കളിച്ചായിരുന്നു ചാണ്ടി ഉമ്മൻ എംഎൽഎയുടെ പ്രതിഷേധം.

ഇന്ന് രാവിലെ 7 30 ഓടെയാണ് പുതുപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് ക്രിക്കറ്റ് കളിക്കാനായി ചാണ്ടി ഉമ്മൻ എംഎൽഎ എത്തിയത്.  നാളുകളായി കാടുപിടിച്ച് കടക്കുകയായിരുന്നു പുതുപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ മൈതാനം. മൈതാനം വീണ്ടെടുക്കാൻ ജില്ലാ പഞ്ചായത്ത് യാതൊരു ശ്രമവും നടത്തുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ചാണ്ടി ഉമ്മൻ എംഎൽഎയുടെ വേറിട്ട പ്രതിഷേധം.  നാലുവർഷം മുമ്പ് സ്കൂളിന്‍റെ പുതിയ കെട്ടിടത്തിന്‍റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മൈതാനത്ത് നിക്ഷേപിച്ച മണ്ണും കെട്ടിട മാലിന്യങ്ങളും ഇപ്പോഴും നീക്കം ചെയ്യാത്ത അവസ്ഥയിൽ കിടക്കുകയാണ്.

ലക്ഷങ്ങൾ ചെലവിട്ട് നിർമ്മിച്ചിരിക്കുന്ന പവലിയനും മൈതാനവും ടോയ്‌ലറ്റുകളും ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങളും നിലവിൽ കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. യുവാക്കളുടെ കായിക ശേഷിയെ വർധിപ്പിക്കുന്ന ഇടം നിലവിൽ സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയിരിക്കുന്നു. ഈ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ജില്ലാ പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി നിവേദനം നൽകിയിരുന്നു.  ഇതിന് പിന്നാലെയാണ് ജില്ലാ പഞ്ചായത്തിന്‍റെ കെടുകാര്യസ്ഥതയെ ചൂണ്ടിക്കാട്ടിക്കൊണ്ട് ചാണ്ടി ഉമ്മൻ എംഎൽഎ മൈതാനത്ത് ക്രിക്കറ്റ് കളിച്ച് പ്രതിഷേധിച്ചത്.