സംസ്ഥാനത്ത് 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യത; 3 ജില്ലകളില്‍ ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെല്ലോ അലർട്ട്

Jaihind Webdesk
Wednesday, August 21, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും പുതിയ റഡാർ ചിത്ര പ്രകാരം മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 3 ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് നിലവിൽ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ഒരു ജില്ലയിലും നിലവിൽ ഓറഞ്ച് അലർട്ടും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടില്ലെന്നത് ആശ്വാസമാണ്.

താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. രണ്ട് ചക്രവാതചുഴിയും മധ്യ കിഴക്കൻ അറബിക്കടൽ മുതൽ മാലിദ്വീപ് വരെ 0 .9 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമൂലം ശക്തമായ മഴയാണ് കേരളത്തിൽ പ്രതീക്ഷിക്കുന്നത്.