തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്. കേരള തീരത്ത് ഇന്ന് വൈകുന്നേരം 05.30 വരെ 1.0 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും മുന്നറിയിപ്പ് നല്‍കി.
കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.