സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Sunday, June 2, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും കാലവർഷം ശക്തി പ്രാപിച്ചു. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടിയോടും കാറ്റോടും കൂടിയ മഴ ആയിരിക്കുമെന്നും പ്രവചനമുണ്ട്.

കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്. ഇന്ന് രാത്രി 11.30 വരെ 1.1 മുതൽ 1.5 മീറ്റർ വരെ ഉയരത്തിലുള്ള തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യത പ്രവചിച്ചിട്ടുണ്ട്. തിരമാലകളുടെ വേഗത സെക്കൻഡിൽ 40 സെന്‍റിമീറ്ററിനും 65 സെന്‍റിമീറ്ററിനും ഇടയിൽ മാറിവരാൻ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിരിക്കുകയാണ്.

ഇന്ന് 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് ദേശീയ സമുദ്രസ്ഥിതി പഠനഗവേഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് കാലവർഷമെത്തിയതിന്‍റെ ഒന്നാം ദിവസം കോട്ടയത്താണ് ഏറ്റവും അധികം മഴ ലഭിച്ചത്– 80.2 മില്ലിമീറ്റർ. 537% അധിക മഴയാണ് കോട്ടയം ജില്ലയിൽ പെയ്തത്.