സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Jaihind Webdesk
Sunday, July 14, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്. പരക്കെ മഴ കിട്ടുമെങ്കിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. ഇതിനാല്‍ തന്നെ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

അതേസമയം, യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ മഴ തുടരുകയാണ്. നിലവിൽ ചൊവ്വാഴ്ച വരെ വയനാട്ടിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണമെന്നും നിർദ്ദേശമുണ്ട്. അതേസമയം മഴക്കെടുതിയിൽ കാര്യമായ നാശ നഷ്ടങ്ങൾ ജില്ലയിൽ എവിടെയും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. പിണങ്ങോട് റോഡ് പുഴയിലേക്ക് ഇടിഞ്ഞുവീണ മേഖലയിൽ ജാഗ്രത നിലനിൽക്കുന്നുണ്ട്.