വീണ്ടും അതിശക്ത മഴ മുന്നറിയിപ്പ്; കച്ച് മേഖലയിലെ അതിതീവ്ര ന്യൂനമർദ്ദം അറബിക്കടലിലേക്ക്, മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദേശം

Jaihind Webdesk
Wednesday, August 28, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വീണ്ടും അതിശക്ത മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം നാളെ രാവിലെ അറബിക്കടലിൽ എത്തിച്ചേരാനുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാധ്യത ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.

അതേസമയം, കേരള – ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്‌ച മുതൽ ശനിയാഴ്‌ച വരെയും കർണാടക തീരത്ത് ഇന്നുമുതൽ ശനിയാഴ്ച വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച്‌ച മുതൽ ശനിയാഴ്‌ച വരെ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മ ണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയി ൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.