ചാമ്പ്യൻസ് ലീഗ് : പ്രീക്വാർട്ടർ മത്സര ചിത്രം വ്യക്തമായി; നില ഭദ്രമാക്കി മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, പി.എസ്.ജി, ബയേൺ മ്യൂണിക്, അത്‌ലറ്റികോ മഡ്രിഡ്, യുവൻറസ് ടീമുകള്‍

Jaihind News Bureau
Friday, December 13, 2019

ചാമ്പ്യൻസ് ലീഗ് ഗ്രൂപ് മത്സരങ്ങളുടെ അവസാനദിനത്തിൽ വമ്പൻ ജയങ്ങളുമായി യൂറോപ്യൻ ടീമുകൾ. ഇതോടെ പ്രീക്വാർട്ടർ മത്സരങ്ങൾക്കായുള്ള ടീമുകളുടെ ചിത്രം വ്യക്തമായി. ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് പ്രീക്വാർട്ടർ മത്സരങ്ങൾ.

മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ്, പി.എസ്.ജി, ബയേൺ മ്യൂണിക്, അത്‌ലറ്റികോ മഡ്രിഡ്, യുവൻറസ് എന്നീ ടീമുകളാണ് അനായാസ ജയവുമായി നോക്കൗട്ടിൽ നില ഭദ്രമാക്കിയത്.

ഇംഗ്ലീഷ് ക്ലബായ ടോട്ടൻഹാമിനെതിരായ എവേ മത്സരവും മികച്ച മാർജിനിൽ ജയിച്ച് ബയേൺ ഗ്രൂപ്പിൽ അജയ്യരായപ്പോൾ മൂന്നു ജയങ്ങളിൽനിന്ന് ഒമ്ബതു പോയൻറ് നേടി ടോട്ടൻഹാം രണ്ടാമന്മാരായി പ്രീക്വാർട്ടറിലെത്തി. നേരത്തേ നോക്കൗട്ട് ഉറപ്പാക്കിയ പി.എസ്.ജി, മാഞ്ചസ്റ്റർ സിറ്റി, റയൽ മഡ്രിഡ് ടീമുകളും ആധികാരിക ജയമാണ് കുറിച്ചത്. ക്രിസ്റ്റിയാനോ ഗോളടിച്ച കളിയിൽ യുവൻറസ് ബയർ ലെവർകൂസനെ വീഴ്ത്തിയത് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്.

ഗ്രൂപ്പിലെ മറ്റൊരു നിർണായക മത്സരത്തിൽ ലോകോമോട്ടീവ് മോസ്‌കോയെ വീഴ്ത്തി അത്‌ലറ്റികോ മഡ്രിഡും പ്രീക്വാർട്ടറിൽ കടന്നു.

ഗ്രൂപ് എയിൽ ഗംഭീര ജയവുമായി പി.എസ്.ജിയും റയൽ മഡ്രിഡും എതിരാളികളെ നിഷ്പ്രഭരാക്കി.
പി.എസ്.ജി-ഗലാറ്റസരായ് മത്സരത്തിൽ ഫ്രഞ്ച് ക്ലബിനായി മൗറോ ഇക്കാർഡി, നെയ്മർ, കിലിയൻ എംബാപ്പെ, എഡിൻസൺ കവാനി, പാബ്ലോ സരാബിയ എന്നിവർ സ്‌കോർ ചെയ്തു.

ടീനേജ് ആവേശമായ റോഡ്രിഗോ, വിനീഷ്യസ് ജൂനിയർ, ലൂക മോഡ്രിച് എന്നിവരാണ് റയലിനായി ഗോൾ കണ്ടെത്തിയത്.

വീണ്ടും ഫോം കണ്ടെത്തിയ ഗബ്രിയേൽ ജീസസ് ഹാട്രിക് നേടിയതാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വൻ മാർജിനിൽ ജയമൊരുക്കിയത്.

ഗ്രൂപ് സിയിൽ സിറ്റിക്കു പുറമെ അത്‌ലാൻറയും പ്രീക്വാർട്ടറിൽ കടന്നു.
ഇതോടെ, പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിൽനിന്നും സ്‌പെയിനിൽനിന്നും നാലും ഇറ്റലി, ജർമനി രാജ്യങ്ങളിൽനിന്ന് മൂന്നും ടീമുകളായി. ഫ്രാൻസിൽനിന്ന് രണ്ടു ടീമുമുണ്ട്.