രാജിവയ്‌ക്കേണ്ട സാഹചര്യമില്ല; ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തുമെന്ന് രഞ്ജിത്ത്

Jaihind Webdesk
Friday, December 15, 2023


ആരും സമാന്തര യോഗം ചേര്‍ന്നിട്ടില്ലെന്നും താന്‍ രാജിവയ്ക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നും ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്. ചലച്ചിത്ര അക്കാദമിയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ വിപുലപ്പെടുത്തും. കുക്കൂ പരമേശ്വരനെ നിര്‍ദ്ദേശിക്കുമെന്നും രഞ്ജിത്ത് പറഞ്ഞു. രഞ്ജിത്തിനെ മാറ്റണമെന്നാവശ്യപ്പെട്ട് അക്കാദമി അംഗങ്ങള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇടയില്‍ അക്കാദമി അംഗങ്ങള്‍ സമാന്തര യോഗം ചേരുകയും ചെയ്തു. ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയറ്ററിലെ ജനറല്‍ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷമായിരുന്നു യോഗം. യോഗസമയം തൊട്ടടുത്തുള്ള ചെയര്‍മാന്റെ മുറിയില്‍ രഞ്ജിത്ത് ഉണ്ടായിരുന്നു. 15 അംഗങ്ങളില്‍ 9 പേര്‍ ഈ യോഗത്തില്‍ പങ്കെടുത്തു. ചില അംഗങ്ങള്‍ ഓണ്‍ലൈന്‍ ആയാണ് പങ്കെടുത്തത്. കുക്കു പരമേശ്വരന്‍, മനോജ് കാന, എന്‍ അരുണ്‍, ജോബി, മമ്മി സെഞ്ചുറി അടക്കമുള്ള ജനറല്‍ കൗണ്‍സില്‍ അംഗങ്ങളാണ് സമാന്തര യോഗം ചേര്‍ന്നത്. യോഗം ഒരു മണിക്കൂറിലധികം നീണ്ടു.