CHAKKAKKOMBAN| ഇടുക്കിയില്‍ നാശം വിതച്ച് ചക്കക്കൊമ്പന്‍; ചിന്നക്കനാലില്‍ വ്യാപകമായി കൃഷി നശിപ്പിച്ചു

Jaihind News Bureau
Friday, July 11, 2025

ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. ചിന്നക്കനാലില്‍ ഇന്ന് പുലര്‍ച്ചെ ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പന്‍ വ്യാപകമായി കൃഷി നശിപ്പിക്കുകയും പ്ലാവുകള്‍ കുത്തി മറിച്ചിടുകയും ചെയ്തു. ചിന്നക്കനാല്‍ കോഴിപന്നകുടിയിലാണ് ചക്കക്കൊമ്പന്റെ ആക്രമണം.

ഇന്ന് രാവിലെ അഞ്ചരയോടെയാണ് ആന മേഖലയിലെത്തി നാശം വിതച്ചത്. കോഴിപന്നകുടി സ്വദേശിയായ രാജാറാമിന്റെ കൃഷിയിടത്തിലെത്തിയ ആന പ്ലാവില്‍ നിന്നും ചക്ക കുത്തിയിടാന്‍ ശ്രമിച്ചു. വളര്‍ത്തുനായ കുരച്ച് ഓടിക്കാന്‍ ശ്രമിച്ചെങ്കിലും ആന പിന്മാറിയില്ല. ഏലവും ചവിട്ടി ഒടിച്ചിട്ടുണ്ട്.

മൂന്നു മണിക്കൂറിന് ശേഷമാണ് ആന മേഖലയില്‍ നിന്നും പിന്മാറിയത്. ചക്ക പഴുക്കുന്ന സീസണായതോടെ ആനയുടെ സാന്നിധ്യം ജനവാസ മേഖലയില്‍ അടക്കം പതിവായിരിക്കുകയാണ്. നിലവില്‍ കൃഷിയിടങ്ങളില്‍ നില്‍ക്കുന്ന പ്ലാവുകളില്‍ നിന്നും ചക്ക പൂര്‍ണമായും വെട്ടി മാറ്റുകയാണ് കര്‍ഷകര്‍. ഇതേ സമയം ആര്‍ ആര്‍ ടി അംഗങ്ങളെ അറിയിച്ചാല്‍ പോലും ആന ഇറങ്ങുമ്പോള്‍ എത്താറില്ലെന്ന് നാട്ടുകാര്‍ ആക്ഷേപവും ഉന്നയിക്കുന്നുണ്ട്.