18 മണിക്കൂർ പിന്നിട്ടു, രണ്ടുവയസുകാരിയെ കണ്ടെത്താനായില്ല; അന്വേഷണം തുടരുന്നു

Jaihind Webdesk
Monday, February 19, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും കഴിഞ്ഞ രാത്രിയിൽ തട്ടിക്കൊണ്ടുപോയ രണ്ടു വയസുകാരിയെ കണ്ടെത്താനാകാതെ പോലീസ്. നാടോടി സംഘത്തിലെ രണ്ട് വയസുള്ള പെൺകുട്ടിക്കായി തിരച്ചിൽ തുടരുന്നു. ബ്രഹ്മോസിന് സമീപത്തുനിന്ന് ലഭിച്ച സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. മാതാപിതാക്കൾക്കൊപ്പം വഴിയരികിലെ ടെന്‍റിൽ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെയാണ് കാണാതായത്. ഇന്നലെ അർധരാത്രിയോടെ കുട്ടിയെ തട്ടിക്കൊണ്ടു പോയതായിട്ടാണ് ബിഹാർ സ്വദേശികളായ ദമ്പതികൾ പേട്ട പോലീസിൽ അറിയിച്ചത്. സ്കൂട്ടറിലെത്തിയ രണ്ടംഗ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്ന് സഹോദരൻ മൊഴി നൽകി. പോലീസ് വ്യാപക തിരച്ചിൽ നടത്തുകയാണ്.

ഹൈദരാബാദ് സ്വദേശികളായ അമർദീപ് -റബീന ദേവി ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ അമ്മയെ സ്ഥലത്ത് കൊണ്ടുവന്ന് പോലീസ് തെളിവെടുത്തു. ഇവിടെ നിന്നും കുട്ടിയുടെ വസ്ത്രങ്ങൾ പോലീസ് ശേഖരിച്ചു. ബ്രഹ്മോസിന് സമീപത്ത് നിന്ന് ലഭിച്ച സിസിടിവി ദൃശ്യം അന്വേഷണത്തില്‍ നിർണായകമാകും. രാത്രി 12 ന് ശേഷം രണ്ട് പേർ ബൈക്കിൽ പോകുന്നത് ദൃശ്യങ്ങളിൽ കാണാം. ബൈക്കില്‍ കുട്ടി ഉള്ളതായാണ് സംശയം. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. അന്വേഷണത്തിന്‍റെ ഭാ​ഗമായി പോലീസ് കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കും. രണ്ട് വയസുകാരിയെ കാണാതായിട്ട് 15 മണിക്കൂർ പിന്നിട്ടിരിക്കുകയാണ്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസും നാട്ടുകാരും.

സഹോദരങ്ങൾക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മഞ്ഞ സ്കൂട്ടറിലെത്തിയ രണ്ട് പേർ എടുത്തുകൊണ്ടുപോയി എന്നാണ് സ​ഹോദരന്റെ ആദ്യമൊഴി. എന്നാൽ പിന്നീട് അമ്മയുടെ കരച്ചിൽ കേട്ടാണ് താൻ എഴുന്നേറ്റതെന്നും വാഹനം കണ്ടിട്ടില്ലെന്നും പറഞ്ഞ സഹോദരൻ, ഇളയ സഹോദരൻ പറഞ്ഞതാണ് ഇക്കാര്യമെന്നും തിരുത്തി പറഞ്ഞു. സഹോദരങ്ങൾ പറയുന്ന മൊഴിയിൽ വൈരുധ്യവും ആശയക്കുഴപ്പവും നിലനിൽക്കുന്നുണ്ട്. മൊഴികളിലെ ആശയക്കുഴപ്പമാണ് പൊലീസിനെ വെട്ടിലാക്കുന്നത്. തട്ടിക്കൊണ്ടുപോകൽ നടന്നോയെന്ന് ഉറപ്പിച്ചുപറയാൻ കഴിയില്ലെന്നും സ്‌കൂട്ടർ കഥയിൽ വ്യക്തത വന്നിട്ടില്ലെന്നും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു തന്നെ വ്യക്തമാക്കി. വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.