പരാതി തെളിയിക്കാന്‍ സാധിക്കാത്ത വോട്ടറെ അറസ്റ്റ് ചെയ്യുന്നതിനോട് യോജിപ്പില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീകാ റാം മീണ. നടപ്പാക്കുന്നത് പാര്‍ലമെന്‍റ് പാസാക്കിയ ചട്ടമാണ്. വോട്ടെണ്ണല്‍ കഴിയുന്നതുവരെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവിലുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
മെയ് 23 വരെ പെരുമാറ്റച്ചട്ടം നിലവിലുണ്ടാകും. സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന നയപരമായ തീരുമാനങ്ങളില്‍ ഇളവുണ്ടാവും. വോട്ടെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളെ സ്വാധീനിക്കാത്ത തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസരെ സമീപിക്കാം. അതേസമയം തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിനായി തന്‍റെ ചിത്രം ചേര്‍ത്തതില്‍ ചട്ടലംഘനമില്ലെന്നും ഇതിനെതിരായ പരാതി നിലനില്‍ക്കില്ലെന്നും ടീകാ റാം മീണ വ്യക്തമാക്കി.
തനിക്കെതിരെ മാനനഷ്ടകേസ് കൊടുക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും ടീക്കാറാം മീണ പറഞ്ഞു. വോട്ടിംഗിന് ശേഷമുയർന്ന പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം കളമശേരിയിലെ 83-ാമത്തെ പോളിംഗ് ബൂത്തിൽ റീ പോളിംഗ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.