കൊവിഡ് വ്യാപനം : കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ പണമെത്തിക്കണം ; കേന്ദ്രത്തോട് രാഹുൽ ഗാന്ധി

Jaihind Webdesk
Tuesday, April 20, 2021

 

ന്യൂഡൽഹി: കൊവിഡ് വ്യാപനത്തെ തുടർന്ന്  പല സംസ്‌ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സാഹചര്യത്തിൽ തെരുവിലായ പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ പണമെത്തിക്കണമെന്ന് രാഹുൽ ഗാന്ധി. ജനങ്ങളുടെ ജാഗ്രത കുറവ് കൊണ്ടാണ് കൊവിഡ് തീവ്രവ്യാപനം ഉണ്ടായതെന്ന് കുറ്റപ്പെടുത്തുന്ന സർക്കാറിന് അവർ തെരുവിലാകുമ്പോൾ സഹായിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

 

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ പട്ടിണി ഭയന്ന് നാടുകളിലേക്ക് കൂട്ടപാലായനം ചെയ്യുകയാണ്. ഈ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം. കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ മുന്നറിയിപ്പില്ലാതെ രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ കുടിയേറ്റ തൊഴിലാളികളെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. സ്വന്തം നാടുകളിലേക്ക് പോകുന്ന വഴിയിൽ അപകടങ്ങളിലും അല്ലാതെയുമായി നിരവധി കുടിയേറ്റ തൊഴിലാളികളാണ് തെരുവുകളിലും റെയിൽവേ ട്രാക്കുകളിലും മരിച്ചു വീണത്.