‘കൊവിഡ് വൈറസിനെ പുറത്തുവിട്ടത് കേന്ദ്രം, ഭാരത് ജോഡോ യാത്ര തടയുക ലക്ഷ്യം’; ഗുരുതര ആരോപണവുമായി ശിവസേന

Jaihind Webdesk
Thursday, December 22, 2022

 

മുംബൈ: കേന്ദ്ര സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ശിവസേന. ഭാരത് ജോഡോ യാത്രയെ തടയാനുള്ള മാർഗങ്ങളെല്ലാം പരാജയപ്പെട്ടപ്പോള്‍ കേന്ദ്ര സര്‍ക്കാർ കൊവിഡ് വൈറസിനെ തുറന്നുവിട്ടിരിക്കുകയാണെന്ന് ശിവസേന ആരോപിച്ചു. മുഖപത്രത്തിലെ എഡിറ്റോറിയലിലൂടെയാണ് ശിവസേന കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

കൊവിഡ് മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചത് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശിവസേനയുടെ പ്രതികരണം. നിലവിലെ കൊവിഡ് ഭീഷണിക്ക് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും വൈറസിനെ തുറന്നുവിട്ടത് കേന്ദ്രമാണെന്നുമുള്ള ഗുരുതര ആരോപണമാണ് ശിവസേന തങ്ങളുടെ മുഖപത്രമായ സാമ്നയിലൂടെ  ഉയര്‍ത്തിയിരിക്കുന്നത്.

“ചൈനയില്‍ കൊവിഡ് അതിവേഗം പടരുന്നതിനാല്‍ രാഹുല്‍ ഗാന്ധി ഭാരത് ജോഡോ പദയാത്ര നിർത്തണമെന്നാണ് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചിരിക്കുന്നത്. രാഹുൽ ഗാന്ധി തന്‍റെ ഭാരത് ജോഡോ യാത്രയുടെ 100 ദിവസം പിന്നിട്ടുകഴിഞ്ഞു. വലിയ ജനപിന്തുണയാണ് യാത്രയ്ക്ക് ലഭിക്കുന്നത്. നിയമവഴിയിലൂടെയാ ഗൂഢാലോചനയിലൂടെയോ ഭാരത് ജോഡോ യാത്രയെ തടയാന്‍ കേന്ദ്രത്തിന് ഇതുവരെ കഴിഞ്ഞില്ല. ഇതെല്ലാം നോക്കുമ്പോള്‍ കൊവിഡ്-19 വൈറസ് പുറത്തുവിട്ടത് കേന്ദ്ര സർക്കാരാണെന്ന് തോന്നുന്നു” – മുഖപത്രത്തിലെ എഡിറ്റോറിയലില്‍ പറയുന്നു.

പുതുവത്സര ആഘോഷത്തിന് ഉണ്ടാകാന്‍ പോകുന്ന തിരക്കിനെക്കുറിച്ചോ ബിജെപിയുടെ പരിപാടികളിലെ ആള്‍ക്കൂട്ടത്തെക്കുറിച്ചോ കേന്ദ്രത്തിന് ആശങ്കയുള്ളതായി കാണുന്നില്ല. മുന്‍കരുതല്‍ നല്ലതാണ്, എന്നാല്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ മാത്രം ലക്ഷ്യം വെക്കരുതെന്നും ശിവസേന ചൂണ്ടിക്കാട്ടുന്നു. അതേസമയം മൂന്നുവർഷം മുമ്പ് കൊറോണ പൊട്ടിപ്പുറപ്പെട്ടപ്പോൾ അന്നത്തെ അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ഗുജറാത്തിലേക്ക് ക്ഷണിച്ച് ലക്ഷക്കണക്കിന് ആളുകളെ കൂട്ടിച്ചേർത്തത് നിങ്ങളാണെന്നും എഡിറ്റോറിയലിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ യാത്ര നിർത്തിവെക്കണമെന്ന് ചൂണ്ടിക്കാട്ടി  ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുല്‍ ഗാന്ധിക്കും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനുമാണ് കേന്ദ്ര ആരോഗ്യമന്ത്രി കത്തയച്ചത്.  ബിജെപി നടപടി രാഷ്ട്രീയപ്രേരിതമാണെന്ന തരത്തിലുള്ള ചർച്ചകളും പിന്നാലെ സജീവമായി. വിവിധ പ്രതിപക്ഷ പാർട്ടികള്‍ കേന്ദ്രനടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. ഭാരത് ജോഡോ യാത്രയെ ബിജെപി ഭയക്കുന്നുവെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ പ്രതികരണം. 106 ദിവസെ പിന്നിട്ട യാത്ര ഹരിയാനയില്‍ പര്യടനം തുടരുകയാണ്.