വീഴ്ചകളില്‍ വിമർശനം കടുക്കുന്നു ; പ്രതിച്ഛായ കൂട്ടാന്‍ അന്താരാഷ്ട്ര ന്യൂസ് ചാനൽ ആരംഭിക്കാനൊരുങ്ങി കേന്ദ്രം

Jaihind Webdesk
Thursday, May 20, 2021

 

ന്യൂഡല്‍ഹി :  കൊവിഡ് പ്രതിരോധത്തിലെ വീഴ്ചകള്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം ചർച്ചയാക്കിയതോടെ പ്രതിച്ഛായ മെച്ചപ്പെടുത്താൻ അന്താരാഷ്ട്ര ചാനൽ തുടങ്ങാനൊരുങ്ങി  ബി.ബി.സി മാതൃകയിൽ ടി.വി ചാനൽ ആരംഭിക്കാനാണ് പദ്ധതി.

‘ഡി.ഡി ഇൻറർനാഷണൽ’ ചാനലിന്റെ വിശദമായ പദ്ധതിരേഖ സമർപ്പിക്കാന്‍ ആവശ്യപ്പെട്ടുള്ള താൽപര്യപത്രം കഴിഞ്ഞ 13ന് പുറപ്പെടുവിച്ചിരുന്നു. ദൂരദർശന്‍ ആഗോള സാന്നിധ്യമാകാനും അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ ശബ്ദമാകാനുമാണ് ലക്ഷ്യമിടുന്നതെന്ന് പദ്ധതിരേഖയില്‍ പറയുന്നു.

അന്താരാഷ്ട്ര മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചു പരിചയമുള്ള കൺസൾട്ടൻസികളെയാണ് പദ്ധതിരേഖ സമർപ്പിക്കാനായി ക്ഷണിച്ചിരിക്കുന്നത്.  24×7 നീണ്ടുനിൽക്കുന്ന മുഴുനീള പ്രക്ഷേപണമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്യൂറോകൾ ആരംഭിക്കാനും പദ്ധതിയിടുന്നു. വിവിധ മേഖലകൾക്ക് അനുയോജ്യമായ പരിപാടികളാകും സംപ്രേഷണം ചെയ്യുക.

കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ടും വാക്സിൻ നയവുമായി ബന്ധപ്പെട്ടും ആഗോള മാധ്യമങ്ങൾ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. മറ്റ് വിവിധ വിഷയങ്ങളിലും അന്താരാഷ്ട്ര മാധ്യമങ്ങൾ ഇന്ത്യയെ വിമർശിച്ചിരുന്നു.