ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ചൂണ്ടിക്കാട്ടി അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകള്‍ക്ക് പിന്നാലെയാണ് നടപടി.
ഇത്തരം സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ (RIF), ക്യാമ്പസ് ഫ്രണ്ട് (CFI), ആള്‍ ഇന്ത്യ ഇമാംസ് കൌണ്‍സില്‍ (AIIC), നാഷണല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ഹ്യൂമന്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ (NCHRO), നാഷണൽ വിമൻസ് ഫ്രണ്ട്, ജൂനിയര്‍ ഫ്രണ്ട്, എംപവർ ഇന്ത്യ ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകൾക്കും നിരോധനം ഏര്‍പ്പെടുത്തി.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ അറസ്റ്റിലായിരുന്നു. എന്‍ഐഎ, ഇഡി റെയ്ഡുകളില്‍ കേരളത്തിൽ നിന്നാണ് കൂടുതല്‍ പേര്‍ അറസ്റ്റിലായത്. ഭീകരപ്രവർത്തനങ്ങൾക്ക് ഫണ്ട് സ്വരൂപിക്കൽ, ആയുധ പരിശീലനമടക്കമുള്ള പരിപാടികൾ, തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യൽ തുടങ്ങിയ ആരോപണങ്ങളാണ് പോപ്പുലർ ഫ്രണ്ടിനെതിരെ ഉള്ളത്.