കാസർഗോഡ് ജില്ലയിലെ ഭൂഗർഭ ജലശോഷണത്തെ കുറിച്ച് പഠിക്കാനായി സാങ്കേതിക വിദഗ്ധരടങ്ങിയ കേന്ദ്ര സംഘം ജില്ലയിലെത്തി. പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള വിശദമായ പദ്ധതി സെപ്തംബറിൽ സംഘം കേന്ദ്രത്തിന് കൈമാറും.
കേന്ദ്ര ജലശക്തി മിഷൻ ഡയറക്ടറുൾപ്പെടുന്ന സംഘമാണ് കാസർകോടെത്തിയിരിക്കുന്നത്. ജല ക്ഷാമം രൂക്ഷമായിരിക്കുന്ന മേഖലകൾ സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾക്കാവശ്യമായ വിശദമായ പദ്ധതി രേഖ രണ്ടര മാസം കൊണ്ട് സംഘം തയ്യാറാക്കും. ജലസേചനത്തിനും, മഴ വെള്ള സംഭരണത്തിനും ശാസ്ത്രീയമായ മാർഗ്ഗങ്ങൾ ഉൾപ്പെടുന്നതായിരിക്കും പദ്ധതി. ഇതു നടപ്പാക്കാനാവശ്യമായ ഫണ്ട് സംബന്ധിച്ചും കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ടിൽ വിശദാംശങ്ങൾ ഉണ്ടാകും.
കുളങ്ങൾ നവീകരിക്കുക, നിലവിലെ കുഴൽക്കിണറുകൾ റീചാർജ്ജ് ചെയ്യുക തുടങ്ങിയ കാര്യങ്ങൾക്കാണ് സംഘം പ്രാധാന്യം നൽകുന്നത്. ജല സംരക്ഷണ പ്രവർത്തനങ്ങളുടെ അടിസ്ഥാനം ഉപയോഗ രീതിയിലെ മാറ്റമാണെന്നാണ് വിദഗ്ധാഭിപ്രായം. ജനങ്ങൾക്ക് ഇക്കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെങ്കിലും ബോധവത്ക്കരണം അനിവാര്യമാണെന്നാണ് കേന്ദ്ര സംഘത്തിന്‍റെ വിലയിരുത്തൽ.