കേന്ദ്രം പെട്രോള്‍ വില കൂട്ടുമ്പോള്‍ കേരളം വൈദ്യുതിചാര്‍ജ് കൂട്ടുന്നു; സര്‍ക്കാരുകള്‍ ജനങ്ങളെ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല


തിരുവനന്തപുരം: കേന്ദ്രസംസ്ഥാന ഗവണ്‍മെന്റും സംസ്ഥാന ഗവണ്‍മെന്റും ജനങ്ങളെ കൊള്ളയടിക്കുകയും പീഡിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരു ഭാഗത്ത് കേന്ദ്ര ബജറ്റിലൂടെ പെട്രോളിന്റെയും , ഡീസലിന്റെയും വില അമിതമായി വര്‍ദ്ധിപ്പിക്കുമ്പോള്‍, കേരളത്തിലെ ഗവണ്‍മെന്റ് വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനയിലൂടെ ജനങ്ങളെ ഷോക്ക് അടിപ്പിക്കുകയാണ്. ഈ രണ്ടു ഗവണ്‍മെന്റും ചേര്‍ന്ന് കേരള ജനതയെ വലിയ തോതിലുള്ള പ്രതിസന്ധിയിലേക്കും ദുരിതത്തിലേക്കും എത്തിക്കുകയാണ്. പിണറായി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ജനങ്ങളെ ചൂഷണം ചെയ്യുന്ന കാഴ്ചയാണ് കാണുന്നത്.

ധനകാര്യമന്ത്രി കഴിഞ്ഞ ബജറ്റിലൂടെ 1784 കോടി രൂപയുടെ അധിക ഭാരമാണ് ജനങ്ങളുടെ തലയില്‍ അടിച്ചേല്പ്പിച്ചത്. സേവനങ്ങള്‍ക്കുള്ള നികുതി 5 ശതമാനം ഭൂനികുതിയുമായി ബന്ധപ്പെട്ട നികുതി വര്‍ദ്ധനവിലൂടെയാണ് ജനങ്ങളെ പിഴിയുന്നത്.  ഓഗസ്റ്റ് 1 മുതല്‍ പ്രളയസെസ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോള്‍ വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവിലൂടെ 980 കോടി രൂപയാണ് ഗവണ്‍മെന്റ് ജനങ്ങളില്‍നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. അതായത് 11.4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാകാന്‍ പോകുന്നത്.

കേരളം കണ്ട ഏറ്റവും വലിയ ജനവിരുദ്ധ ഗവണ്‍മെന്റാണ് എല്‍ഡി.എഫ്. ഗവണ്‍മെന്റ്. അടിക്കടി ജനങ്ങളുടെ തലയില്‍ ഭാരവും നികുതികളും അടിച്ചേല്‍പ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന ഗവണ്‍മെന്റായി പിണറായി സര്‍ക്കാര്‍ മാറുകയാണ്. ജനതാത്പര്യവും ജനക്ഷേമവും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കേണ്ട ഒരു ഗവണ്‍മെന്റ് നികുതിയും വിലവര്‍ദ്ധനവും ഉണ്ടാക്കി ജനങ്ങളെ കഷ്ടപ്പെടുത്തുകയാണ്. ഈ മൂന്ന് സംഭവങ്ങളിലൂടെ തന്നെ ജനങ്ങളുടെ ജീവിതഭാരം എത്രമാത്രം വര്‍ദ്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് കാണാന്‍ കഴിയും. വൈദ്യുതി നിരക്ക് ഇത്രയും ഭീമമായി വര്‍ദ്ധിപ്പിച്ച മറ്റൊരു കാലഘട്ടം ഉണ്ടാകില്ല. 11.4 ശതമാനം വര്‍ദ്ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. യൂണിറ്റ് 1 ന് 25 പൈസ മുതല്‍ 40 പൈസ വരെയാണ് വില വര്‍ദ്ധിപ്പിച്ചിട്ടുള്ളത്. 500 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്ക് 250 രൂപയാണ് അധികം നല്‍കേണ്ടി വരുന്നത്. ആകെ 980 കോടി രൂപയുടെ അധിക ഭാരമാണ് ജനങ്ങളുടെ മേല്‍ ഏല്പിക്കുന്നത്. ഇതിന് പുറമെ ഡിപ്പോസിറ്റ് ഇനത്തിലും വലിയ തുക ജനങ്ങള്‍ ബോര്‍ഡിന് നല്‍കേണ്ടി വരും. കറന്റിന് വില കൂടുന്നതനുസരിച്ച് ഡെപ്പോസിറ്റിറ്റും കൂടും. ഒരു മാസത്തെ വൈദ്യുതി വിലയുടെ മൂന്നിരട്ടിയാണ് ഡെപ്പോസിറ്റായി നല്‍കേണ്ടി വരുന്നത്.

അതേ സമയം വൈദ്യുതി ബോര്‍ഡ് വന്‍കിടക്കാരില്‍ നിന്നും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും കറന്റ് ചാര്‍ജ് ഇനത്തില്‍ പിരിച്ചെടുക്കാനുള്ള തുക 2802.60 കോടി രൂപയാണ്. ഇത് പിരിച്ചെടുത്തിരുന്നെങ്കില്‍ ഇപ്പോള്‍ ഈ വില വര്‍ദ്ധനവ് വേണ്ടി വരില്ലായിരുന്നു. വൈദ്യതി ബോര്‍ഡിന്റെ കെടുകാര്യസ്ഥതയ്ക്കും പിടിപ്പു കേടിനും ജനങ്ങളെ ശിക്ഷിച്ചിരിക്കുകയാണ.്
ഇതിന് പുറമെയാണ് വൈദ്യുതി നിയന്ത്രണമെന്ന ഭീഷണി. അടുത്ത പത്തു ദിവസത്തിനകം വൈദ്യുതി നിയന്ത്രണം കൊണ്ടു വരേണ്ടി വരും എന്നാണ് വൈദ്യുതി മന്ത്രി പറഞ്ഞത്. ഡാമുകളില്‍ വെള്ളത്തിന്റെ വേണ്ടത്ര കരുതല്‍ ശേഖരമില്ല. ഇത്തവണ മഴ കുറവാണെന്ന് സമ്മതിക്കാം. പക്ഷേ ഡാമുകളില്‍ ഇത്രത്തോളം വെള്ളം കുറഞ്ഞതെങ്ങനെ? ആവശ്യത്തിന് വെള്ളം ശേഖരിച്ച് നിര്‍ത്താത്താണോ കാരണം?

കഴിഞ്ഞ വര്‍ഷം ഡാമുകള്‍ പൂര്‍ണ്ണമായി നിറഞ്ഞിട്ടും യഥാ സമയം ഡാമുകള്‍ തുറന്ന് അധിക ജലം ഒഴുക്കിക്കളയാത്തതാണ് മഹാ പ്രളയത്തിന് വഴി വച്ചത്. ആ ഭയം കാരണം ഇത്തവണ നേരത്തെ തന്നെ ഡാമുകളിള്‍ വെള്ളം ശേഖരിക്കാതെ പാഴാക്കി കളഞ്ഞു എന്ന ആരോപണമുണ്ട്. ഡാം മാനേജ്മെന്റില്‍ സര്‍ക്കാരിന് ഇപ്പോഴും വ്യക്തതയില്ല എന്നാണ് ഇപ്പോഴത്തെ അവസ്ഥ കാണിക്കുന്നത്. കേന്ദ്ര പൂളിലെ വൈദ്യുതി പൂര്‍ണ്ണമായി ഉപയോഗിച്ചും കേന്ദ്രത്തില്‍ നിന്ന് അധിക വിഹിതം സംഘടിപ്പിച്ചും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങിയും കറന്റ് കട്ട് ഒഴിവാക്കുന്ന സാഹചര്യം സൃഷ്ടിക്കേണ്ടതായിരുന്നു. സര്‍ക്കാരിന് അതിന് കഴിയുന്നില്ല.ഏതായാലും മഴക്കാലത്തു തന്നെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുന്നത് ഈ സര്‍ക്കാരിന്റെ പിടിപ്പ് കേടാണ്. -രമേശ് ചെന്നിത്തല വ്യക്തമാക്കി.

Comments (0)
Add Comment