സൈബര്‍ അടിയന്തരാവസ്ഥ കടുക്കുന്നു; ഇന്റര്‍നെറ്റിലെ വിവരങ്ങളും നിയന്ത്രിക്കും; നിയമവിരുദ്ധമെന്ന് തോന്നുന്നവ എടുത്തുകളയും

ന്യൂദല്‍ഹി: സൈബര്‍ അടിയന്തരാവസ്ഥ നടപടികള്‍ കടുപ്പിച്ച് മോദി സര്‍ക്കാര്‍. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും നിരീക്ഷിക്കാനും നിയന്ത്രിക്കാനുമുള്ള ഉത്തരവിന് ശേഷം ഓണ്‍ലൈന്‍ ഉളളടക്കങ്ങളും സെന്‍സര്‍ ചെയ്യാന്‍ കഴിയുന്ന നിയമഭേദഗതി ഉടന്‍ വരും. കേന്ദ്ര സര്‍ക്കാരിന് നിയമ വിരുദ്ധമാണെന്ന് തോന്നുന്ന ഓണ്‍ലൈന്‍ ഉളളടക്കങ്ങള്‍ എടുത്തുകളയാന്‍ അധികാരം നല്‍കുന്ന നിയമ ഭേദഗതിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്.

ഐടി നിയമത്തിലെ 79ാം വകുപ്പിന് കീഴിലുളള ചട്ടങ്ങളുടെ കരട് ഭേദഗതിയിലാണ് കോടിക്കണക്കിന് ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ സ്വതന്ത്ര ആശയവിനിമയം ഇല്ലാതാക്കുന്ന വ്യവസ്ഥകള്‍ ഉളളത്. മധ്യവര്‍ത്തി മാര്‍ഗ നിര്‍ദേശക ചട്ടങ്ങള്‍ 2018 എന്ന പേരിലാണ് നിയമഭേദഗതി കൊണ്ടു വരുന്നത്. ഓരോ ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമും തങ്ങളുടെ ഉളളടക്കങ്ങളെ നിയന്ത്രിക്കാനും നീക്കം ചെയ്യാനുമുളള സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് ചട്ടം നിര്‍ദേശിക്കുന്നു. വെളളിയാഴ്ച നിയമഭേദഗതി ചര്‍ച്ച ചെയ്തുവെന്നാണ് വിവരം.

ഗൂഗിള്‍, ഫെയ്സ്ബുക്ക്, വാട്സാപ്, ട്വിറ്റര്‍, ഷെയര്‍ചാറ്റ്, ആമസോണ്‍, യാഹൂ, സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐഎസ്പിഎഐ) പ്രതിനിധികളും സൈബര്‍ നിയമവിഭാഗത്തിലെ ഉദ്യോഗസ്ഥരും മാത്രമാണ് യോഗത്തില്‍ പങ്കെടുത്തത്.
ഇത് പ്രകാരം ഓണ്‍ലൈനിലെ നിയമവിരുദ്ധമായ ഉള്ളടക്കം തിരിച്ചറിയാനും നീക്കംചെയ്യാനും ഗൂഗിള്‍ ഉള്‍പ്പെടെയുള്ള മധ്യസ്ഥകമ്പനികള്‍ നടപടി സ്വീകരിക്കണം. ഇതിനായി അനുയോജ്യമായ സാങ്കേതിക ഉപകരണങ്ങളോ സംവിധാനങ്ങളോ വിന്യസിക്കാനുള്ള അധികാരം കമ്പനികള്‍ക്കുണ്ടാകും. ബന്ധപ്പെട്ട കോടതികളുടെയോ വകുപ്പുകളുടെയോ ഏജന്‍സികളുടെയോ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 24 മണിക്കൂറിനുള്ളില്‍ ഉള്ളടക്കം ഇന്റര്‍നെറ്റില്‍നിന്ന് നീക്കണം. ഇവ ഏതാണെന്ന കോടതി ഉത്തരവിലൂടെയോ സര്‍ക്കാര്‍ ഉത്തരവിലൂടെയോ അറിയിക്കും.

അന്വേഷണങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉള്ളടക്കത്തിന്റെ വിശദാംശങ്ങള്‍ 180 ദിവസംവരെ നിര്‍ബന്ധമായും സൂക്ഷിക്കണം. കോടതിയുടെയോ ഏജന്‍സിയുടെയോ ഉത്തരവുണ്ടാകുന്ന സാഹചര്യത്തില്‍ അതില്‍ പറയുന്ന കാലയളവുവരെ വിശദാംശങ്ങള്‍ കമ്പനികള്‍ സൂക്ഷിക്കേണ്ടി വരും. നേരത്തെ 90 ദിവസംമാത്രം വിശദാംശങ്ങള്‍ സൂക്ഷിച്ചാല്‍ മതിയായിരുന്നു.

രാജ്യസുരക്ഷയുമായോ സൈബര്‍ സുരക്ഷയുമായോ ബന്ധപ്പെട്ട വിഷയങ്ങളിലും കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന്റെ ഭാഗമായും സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമുന്നയിക്കുന്ന സാഹചര്യത്തില്‍ വാട്സാപ് ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വഴിയുള്ള സന്ദേശങ്ങളുടെ വിശദാംശങ്ങള്‍ കമ്പനികള്‍ കൈമാറണം. സന്ദേശങ്ങള്‍ ആദ്യം അയച്ചത് ആരാണെന്നത് ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ ഏജന്‍സികള്‍ക്ക് കൈമാറണമെന്നാണ് നിര്‍ദേശം.

Comments (0)
Add Comment