കേന്ദ്ര സർക്കാരിന്‍റെ കടൽക്കൊള്ളക്ക് ഹിഡൻ അജണ്ട; കൂട്ടുനില്‍ക്കാന്‍ പിണറായി സർക്കാരും

Jaihind News Bureau
Sunday, February 23, 2025

ഹിഡൻ അജണ്ടയോടെ കേന്ദ്ര സർക്കാർ കടൽക്കൊള്ളക്ക് കളമൊരുക്കുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയെന്നും പിണറായി സർക്കാർ കടൽ കൊള്ളയ്ക്കു കൂട്ടുനിൽക്കുകയാണെന്നും കെ സി വേണുഗോപാൽ കുറ്റപ്പെടുത്തി. കേന്ദ്ര സർക്കാരിന്‍റെ കടൽ ഖനന നീക്കത്തിനെതിരെ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ച് കൊല്ലത്ത് നടന്ന സമുദ്ര രാപ്പകൽ സമരം സമാപിച്ചു.

കേരളത്തിന്‍റെ അപൂർവ്വമായ ധാതുമണൽ സമ്പത്ത് ഉൾപ്പെടെ കവർന്നെടുക്കുവാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ ഗൂഢനീക്കം നടത്തുന്ന കടൽഖനനത്തിനെതിരെയുള്ള ശക്തമായ പ്രതിഷേധത്തിരയാണ് കോൺഗ്രസിന്‍റെ സമുദ്ര രാപ്പകൽ സമരത്തിൽ ഉയർന്നത്. കൊല്ലം പോർട്ടിന് സമീപം കടലിൽ ഉയർത്തിയ വേദിയിൽ വലിയ ബഹുജന പിന്തുണയോടെയാണ് കോൺഗ്രസും മത്സ്യത്തൊഴിലാളികളും സമരത്തിൽ അണിനിരന്നത്. ഹിഡൻ അജണ്ടയോടെ കേന്ദ്ര സർക്കാർ കടൽക്കൊള്ളക്ക് കളമൊരുക്കുകയാണെന്നും ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നും സമരത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത കെസി വേണുഗോപാൽ എംപി കുറ്റപ്പെടുത്തി. പിണറായി സർക്കാർ കടൽ കൊള്ളയ്ക്കു കൂട്ടുനിൽക്കുകയാണെന്നും സർക്കാരിന്‍റെ മൗനം ഭയാനകമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നമ്മുടെ കടൽസമ്പത്ത് കവർച്ചചെയ്യുവാനുള്ള നീക്കത്തിനെതിരെ നിയമസഭ യോജിച്ച പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാരിന്‍റെ കടൽ ഖനന നീക്കത്തിനെതിരെ മൂന്നാംഘട്ട സമരം പ്രഖ്യാപിച്ചാണ് കൊല്ലത്ത് നടന്ന സമുദ്ര രാപ്പകൽ സമരം സമാപിച്ചത്. മൂന്നാംഘട്ട സമര ഭാഗമായി ആഴക്കടലിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സമരത്തിന് ചുക്കാൻ പിടിക്കുന്ന ടി എൻ പ്രതാപൻ വ്യക്തമാക്കി. കേരളത്തിന്‍റെ കടലിൽ നിന്ന് ഒരുതരി മണൽ ഖനനം ചെയ്യുവാൻ
അനുവദിക്കില്ലെന്ന ഉറച്ച മുദ്രാവാക്യവുമായാണ് രാപ്പകൽ സമരം സമാപിച്ചത്.

ഇന്നലെ വൈകുന്നേരം എഐസിസി സെക്രട്ടറി പിസി വിഷ്ണുനാഥ് എംഎൽഎയാണ് സമുദ്ര രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തത്. എംപിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികളും കെപിസിസി, ഡിസിസി ഭാരവാഹികളും മത്സ്യത്തൊഴിലാളി കോൺഗ്രസ് നേതാക്കളും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളും സമരത്തിലുടനീളം അണിനിരന്നു.