കേന്ദ്രസർക്കാരിന്‍റെ വികലമായ സാമ്പത്തികനയങ്ങള്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്തു: രാഹുല്‍ ഗാന്ധി

Jaihind Webdesk
Wednesday, October 19, 2022

 

ആഡോണി/ആന്ധ്രാപ്രദേശ്: ബിജെപിയുടെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തതായി രാഹുൽ ഗാന്ധി എംപി. തെറ്റായ സാമ്പത്തികനയം എല്ലാ മേഖലകളെയും സാരമായി ബാധിച്ചു. കർഷകർഷകരും മധ്യ വർഗവും സർക്കാരിന്‍റെ വികലമായ നയത്തിന്‍റെ ഇരകളെന്നും രാഹുൽ ഗാന്ധി. ഭാരത് ജോഡോ പദയാത്രക്കിടെ ആന്ധ്രയിലെ ആഡോണിയിൽ വെച്ചാണ് രാഹുൽ ഗാന്ധി മാധ്യമങ്ങളുമായി സംവദിച്ചത്.

കോൺഗ്രസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പായിരുന്നു ആദ്യ ചോദ്യം. രാജ്യത്ത് കോൺഗ്രസ് മാത്രമാണ് വോട്ടെടുപ്പിലൂടെ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട പരാതിയിൽ മധുസൂദൻ മിസ്ത്രി ഉചിതമായ നടപടി സ്വീകരിക്കും. മറ്റ് പാർട്ടികളിൽ തെരഞ്ഞെടുപ്പ് നടത്താത്തത് മാധ്യമങ്ങൾ കാണുന്നില്ല. ആരും അതിനെക്കുറിച്ച് ചോദിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

സമൂഹത്തിലെ പിന്നാക്കം നിൽക്കുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ആശയമാണ് കോൺഗ്രസ് നടപ്പിലാക്കുന്നത്. ഭാരത് ജോഡോ യാത്ര ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. യാത്രയിലെ ജനപങ്കാളിത്തം ആവേശം പകരുന്നതാണ്. കോൺഗ്രസ് പ്രസിഡന്‍റ് ആരായാലും പ്രസിഡന്‍റായിരിക്കും പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കൊള്ളുക. മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ചോദിക്കാൻ ബഹളം വെച്ചപ്പോൾ മാധ്യമ പ്രവർത്തകരോട് രാഹുൽ ഗാന്ധിയിൽ നിന്ന് മറുചോദ്യവും ഉണ്ടായി. പ്രധാനമന്ത്രി എപ്പോഴെങ്കിലും പ്രസ്മീറ്റ് വിളിച്ചിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിനെക്കുറിച്ച് മാധ്യമങ്ങൾ എന്തുകൊണ്ട് ചോദിക്കുന്നില്ല? പ്രധാനമന്ത്രി ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ തയാറാവുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

പ്രധാനമന്ത്രിയുടെ മൗനത്തെ കുറിച്ച് മാധ്യമങ്ങൾ ഒന്നും പറയുന്നില്ല. രാജ്യത്തെ ജനങ്ങളെ നേരിൽ കാണുന്നതിനും അവരോട് സംസാരിക്കുന്നതിനുമാണ് ഭാരത് ജോഡോ യാത്ര നടത്തുന്നത്. ബിജെപിയുടെ സാമ്പത്തിക നയങ്ങൾ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകർത്തു. എല്ലാ മേഖലകളെയും സാരമായി ബാധിച്ചതായി രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കർഷകരും, മധ്യ വർഗ വും സർക്കാരിന്‍റെ വികലമായ നയത്തിന്‍റെ ഇരകളായി.രണ്ട് വ്യക്തികൾക്ക് വേണ്ടിയുള്ള സാമ്പത്തിക നയമാണ് ബിജെപിയുടേത്. അതിന്‍റെ ഗുണം അവർ രണ്ട് പേർക്കും ഉണ്ടായി. അതിലൊരാൾ ലോകത്തെ രണ്ടാമത്തെ വലിയ ധനികനായി മാറി. ഏകീകൃത നികുതിയാണ് ജിഎസ്ടിയിലൂടെ ലക്ഷ്യമിട്ടത്. എന്നാൽ ബിജെപി സർക്കാർ അത് അട്ടിമറിച്ചു. ലോകത്ത് ഒരിടത്തും ഇത്തരം ഒരു നികുതി കാണാൻ സാധിക്കില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.