പെഗാസസില്‍ ഉരുണ്ടുകളിച്ച് കേന്ദ്ര സർക്കാർ; സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചോ എന്നത് പറയാനാവില്ലെന്ന് സുപ്രീം കോടതിയില്‍

Jaihind Webdesk
Monday, September 13, 2021

 

ന്യൂഡല്‍ഹി : പെഗാസസിൽ വ്യക്തമായ മറുപടി പറയാതെ കേന്ദ്രം. പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ഫോണുകള്‍ ചോർത്തിയോ എന്ന കാര്യം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയില്‍. കേസ് സുപ്രീം കോടതി ഉത്തരവിനായി മാറ്റി. മൂന്ന് ദിവസത്തിനുള്ളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടവിക്കും.

പെഗാസസ് വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് കേന്ദ്രം കോടതിയില്‍ ആവശ്യപ്പെട്ടു. ഒന്നും ഒളിക്കാനില്ലെന്ന് പറഞ്ഞ കേന്ദ്രം പക്ഷെ പെഗാസസ് ഉപയോഗിച്ച്  ചോർത്തല്‍ നടന്നോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ലെന്നും നിലപാടെടുത്തു.  സമിതിയെ നിയോഗിച്ചാല്‍ അവിടെ വെളിപ്പെടുത്താമെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു.  രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യമായതിനാല്‍ ഏത് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു എന്ന് പറയാനാകില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലപാട്. സര്‍ക്കാരുമായി ബന്ധമില്ലാത്ത വിദഗ്ധ സമിതി ഇക്കാര്യങ്ങള്‍ അന്വേഷിച്ച് തീര്‍പ്പ് കല്‍പ്പിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും കേന്ദ്രം അറിയിച്ചു. എന്നാല്‍ കേന്ദ്രനിലപാടിനോട് സുപ്രീംകോടതി യോജിച്ചില്ല.

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ നിയമവിരുദ്ധമായി ഫോണ്‍ ചോര്‍ത്തല്‍ നടന്നോ എന്നത് പരിശോധിക്കുമെന്നും വ്യക്തികളുടെ സ്വകാര്യത ലംഘിച്ചതിൽ മറുപടി വേണമെന്നും കോടതി വ്യക്തമാക്കി. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്. സർക്കാർ നേരത്തെ രണ്ടുതവണ സത്യവാങ്മൂലം സമര്‍പ്പിക്കുന്നതിന് സമയം ആവശ്യപ്പെട്ടിരുന്നു.