നാഷനല്‍ ആന്‍റി പ്രൊഫിറ്റീറിംഗ് അതോറിറ്റി പിരിച്ചുവിടുന്നു

Jaihind Webdesk
Thursday, November 8, 2018

ജി.എസ്.ടിയുടെ ഭാഗമായുള്ള ഇളവുകളുടെ അന്തിമനേട്ടം ഉപഭോക്താക്കളില്‍ എത്തിക്കാനായി രൂപവല്‍ക്കരിച്ച നാഷനല്‍ ആന്‍റി പ്രോഫിറ്റീറിംഗ് അതോറിറ്റി പിരിച്ചുവിടുന്നു. പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നതാണ് കാരണം. രണ്ടുവര്‍ഷത്തെ കാലാവധി നിശ്ചയിച്ച്‌ തുടങ്ങിയ അതോറിറ്റി ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ത്തന്നെ പിരിച്ചുവിടുകയാണ്.

അതോറിറ്റി രൂപീകരിച്ച്‌ ഒരു വര്‍ഷം കഴിഞ്ഞപ്പോഴും ആകെ 11 പരാതികള്‍ മാത്രമാണ് തീര്‍പ്പാക്കിയത്. നാലു കമ്പനികള്‍ക്കെതിരെ മാത്രമാണ് നിസാര തുക പിഴ ചുമത്തിയത്.

ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ബദ്രി നരേന്‍ ശര്‍മയാണ് അതോറിറ്റി അധ്യക്ഷന്‍. സമിതിയുടെ ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും പദ്ധതി നിര്‍വഹണ പാളിച്ചയും ഏറെനാളായി ജി.എസ്.ടി കൗണ്‍സിലില്‍ ചര്‍ച്ചയായിരുന്നു. വന്‍കിട കമ്പനികളുടെ തട്ടിപ്പുകളില്‍പ്പോലും നിസാരതുക മാത്രമാണ് തിരികെനല്‍കാന്‍ അതോറിറ്റി ഉത്തരവിട്ടത്.

നികുതിയിളവ് വേണ്ടരീതിയില്‍ കുറയ്ക്കാതെ ലാഭം കൊയ്യുന്ന സ്ഥാപനങ്ങളില്‍നിന്ന് ലാഭം തിരികെനല്‍കുന്നതിനുള്ള നടപടി സംബന്ധിച്ച്‌ പുതിയ മാര്‍ഗരേഖ തയാറാക്കാനും ചുമതലപ്പെടുത്തിയിരുന്നു. ഒരു വര്‍ഷമായിട്ടും ഇക്കാര്യത്തില്‍ വ്യക്തമായ നടപടി ഉണ്ടായില്ല. ഇതോടെയാണ് അതോറിറ്റി പിരിച്ചുവിടാന്‍ തീരുമാനിച്ചത്.