മന്ത്രി കെ.ടി ജലീലിന് കേന്ദ്ര സർക്കാർ വിമർശനം; കോണ്‍സുലേറ്റ് ജനറലുമായി മന്ത്രി നേരിട്ട് സംസാരിച്ചത് പ്രോട്ടോക്കോൾ ലംഘനം

Jaihind News Bureau
Thursday, July 16, 2020

മന്ത്രി കെ.ടി ജലീലിന് കേന്ദ്ര സർക്കാർ വിമർശനം. റംസാൻ കിറ്റുമായി ബന്ധപ്പെട്ട് മന്ത്രി നേരിട്ട് കോണ്‍സുലേറ്റ് ജനറലുമായി സംസാരിച്ചത് പ്രോട്ടോക്കോൾ ലംഘനം. വിദേശ രാജ്യങ്ങളുടെ കാര്യാലയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യക്തമായ ചട്ടങ്ങളും വ്യവസ്ഥകളും നിലവിലുണ്ട് എന്നും കേന്ദ്രം.

സ്വപ്ന സുരേഷിന്‍റെ കാൾ ലിസ്റ്റ് പുറത്ത് വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി കെ.ടി ജലീൽ രംഗത്ത് വന്നത്. ഭക്ഷ്യ കിറ്റ് വിതരണവുമായി ബന്ധപ്പെട്ട അവശ്യത്തിനാണ് വിളിച്ചത് എന്നായിരുന്നു വിശദീകരണം. കോണ്‍സുലേറ്റ് ജനറൽ നൽകിയ നിർദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചത്. മന്ത്രിയുടെ ഈ വിശദീകരണത്തിനെതിരെയാണ് കേന്ദ്ര സർക്കാരിന് അതൃപ്തി. മന്ത്രിയുടെ നടപടി പ്രോട്ടോക്കോൾ ലങ്കനം ആണെന്നാണ് കേന്ദ്രം വിമർശനം. മന്ത്രിമാർ നയതന്ത്ര പ്രതിനിധികളുമായി ആശയ വിനിമയം നടത്തുന്നതിന് കൃത്യമായ മാർഗ നിർദ്ദേശം നിലവിലുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോക്കോൾ ഹാൻഡ് ബുക്കിന്‍റെ 18 ആം അധ്യായത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ട്. കോണ്‍സുലേറ്റിലെ സാധാരണ ഉദ്യോഗസ്ഥരോട് മന്ത്രി നിരന്തരം സംസാരിച്ചതും ചട്ട വിരുദ്ധമാണ്. വിദേശ രാജ്യങ്ങളുടെ കോണ്‍സലേറ്റുകൾ കേന്ദ്ര സർക്കാർ വഴിയാണ് ഇത്തരത്തിൽ ഇടപെടലുകൾ നടത്തേണ്ടത്. ചില ഘട്ടങ്ങളിൽ സംസ്ഥാനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന സ്ഥിതി ഉണ്ട്. ഈ ഘട്ടത്തിൽ അതാതു വകുപ്പുകൾ വഴിയാണ് ബാക്കി കാര്യങ്ങൾ മുന്നോട്ട് നീക്കുക. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായ ജലീൽ വകുപ്പിന് പുറത്തുള്ള വിഷയത്തിൽ ഇടപെടൽ നടത്തി എന്നതും വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.