ആരോഗ്യ ഐ.ഡിയുടെ പേരില്‍ ജാതിയും മതവും ലൈംഗികതാത്പര്യവും ചോദിച്ച് കേന്ദ്ര സർക്കാർ

Jaihind News Bureau
Friday, August 28, 2020

ന്യൂഡല്‍ഹി : ആരോഗ്യ ഐ.ഡിയുടെ പേരില്‍ രാജ്യത്തെ പൗരന്മാരുടെ ജാതിയും മതവും ചോദിക്കാൻ കേന്ദ്ര സർക്കാർ നീക്കം. പുതിയ ആരോഗ്യ ഐഡിയുടെ പേരിലുള്ള വിവരശേഖരണത്തിന് വേണ്ടിയാണ് വ്യക്തികളുടെ സ്വകാര്യവിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിക്കുന്നത്. ഇതുസംബന്ധിച്ച കരട് നയം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആരോഗ്യ ഐ.ഡി പ്രഖ്യാപനം വന്നതിന് പിന്നാലെ കോണ്‍ഗ്രസ് എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ആരോഗ്യ ഐ.ഡി ഭരണഘടനാ ലംഘനം എന്നാണ് കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ നിലപാട്.

സ്വാതന്ത്ര്യദിനത്തില്‍ ചെങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി ആരോഗ്യ ഐ.ഡി പ്രഖ്യാപിച്ചത്.  പൗരന്‍റെ ആരോഗ്യ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഐ.ഡി എന്നാണ് പ്രധാനമന്ത്രി അന്ന് വ്യക്തമാക്കിയത്. എന്നാൽ ആരോഗ്യ ഐ.ഡിയുടെ കരട് പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് ആരോഗ്യ വിവരങ്ങൾക്ക് അപ്പുറം പൗരന്‍റെ സ്വകാര്യ വിവരങ്ങളും കേന്ദ്ര സർക്കാർ ശേഖരിക്കുന്നു എന്നാണ്. ജാതിക്കും മതത്തിനും പുറമെ വ്യക്തികളുടെ ലൈംഗിക താത്പര്യം, രാഷ്ട്രീയ ആഭിമുഖ്യം, സാമ്പത്തിക നില തുടങ്ങിയ വിവരങ്ങളും ശേഖരിക്കണമെന്ന് കരട് ആരോഗ്യ നയത്തിൽ പറയുന്നു. വ്യക്തിയുടെ ലൈംഗിക ജീവിതം എങ്ങനെയാണ്, ലൈംഗിക ആഭിമുഖ്യം എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങളും ഇതിൽപ്പെടുന്നു. ഇതിന് പുറമെ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളടക്കം സാമ്പത്തിക നിലയും അറിയിക്കണം. സെപ്റ്റംബർ മൂന്ന് വരെയാണ് കരട് നയത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായം അറിയാക്കാന്‍ അവസരം.

എന്നാൽ ചെങ്കോട്ടയിൽ പ്രധാനമന്ത്രി ആരോഗ്യ ഐ.ഡി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഇതെന്നാണ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിലവിൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ പാർലമെന്‍റ് സമിതിയുടെ മുന്നിലാണ് ഉള്ളത്. ഈ ഘട്ടത്തിൽ ഡാറ്റാ സുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ പാർലമെന്‍റിൽ ചർച്ച ചെയ്ത ശേഷം മാത്രമേ നടപ്പാക്കാവൂ എന്നാണ് പ്രതിപക്ഷ ആവശ്യം.