കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജീവനക്കാരുടെ ക്ഷാമബത്തയിൽ പിടിയിട്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ. ഒരു വിഭാഗം ജീവനക്കാരുടെ എതിർപ്പു രൂക്ഷമായതോടെ സാലറി ചലഞ്ചിനു ബദൽ മാർഗങ്ങൾ തേടുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഡിഎയിൽ കണ്ണുവച്ചത്. ജീവനക്കാരുടെ ഡിഎ കുടിശിക തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നത് അടക്കമുള്ള മാർഗങ്ങളാണ് സംസ്ഥാന സർക്കാർ തേടുന്നത്. അതേസമയം, ഡിഎ മരവിപ്പിക്കുന്നതിനെക്കുറിച്ചാണ് കേന്ദ്രസർക്കാർ ആലോചന.
സാലറി ചലഞ്ചിന് ബദൽ മാർഗങ്ങൾ അടുത്ത മന്ത്രിസഭയിൽ ചർച്ച ചെയ്യുമെന്ന സൂചന ധനമന്ത്രി ഡോ. തോമസ് ഐസക് ഇന്നലെ നൽകി. 12 ശതമാനം ഡിഎ കുടിശികയാണുള്ളത്. 2500 കോടിയിലേറെ തുക വേണം കുടിശിക നൽകാൻ. ഒരു മാസത്തെ ശമ്പളത്തിനു തുല്യമായ തുക സാലറി ചലഞ്ച് ഇനത്തിൽ ഈടാക്കുന്നതിനു പകരം ഡിഎ കുടിശിക ഒഴിവാക്കി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകുന്നതു പരിഗണിക്കണമെന്നാണു ഭരണാനുകൂല സർവീസ് സംഘടനകൾ മുന്നോട്ടു വച്ചിട്ടുള്ള നിർദേശം.
കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വര്‍ധിപ്പിച്ച ക്ഷാമബത്ത ഉടന്‍ നല്‍കില്ല. ക്ഷാമബത്ത നാലു ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം. കൊവിഡ് കാലത്തിന് ശേഷമായിരിക്കും ക്ഷാമബത്തയെ സംബന്ധിച്ച് തീരുമാനമെടുക്കുക. ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. കൂടുതല്‍ നിയന്ത്രണങ്ങളുണ്ടാവുമെന്നും ധനമന്ത്രാലയം വ്യക്തമാക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ പ്രത്യേക അലവന്‍സുകളും താത്കാലികമായി നല്‍കില്ല. ശമ്പളത്തിനൊപ്പമുള്ള സ്ഥിര അലവന്‍സുകളില്‍ മാറ്റമുണ്ടാവില്ല.
ഇക്കാര്യം അറിയിച്ച് ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 17ല്‍ നിന്ന് 21 ആയി വര്‍ധിപ്പിക്കാന്‍ മാര്‍ച്ചിലാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ട സാഹചര്യത്തിലാണ് ഈ തീരുമാനം മരവിപ്പിക്കുന്നത്.