സ്വർണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ ? ; യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കേന്ദ്രം

Jaihind News Bureau
Tuesday, September 15, 2020

 

ന്യൂഡല്‍ഹി: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ യുഡിഎഫ് എംപിമാരുടെ ചോദ്യങ്ങള്‍ക്ക് കേന്ദ്രത്തിന് മറുപടിയില്ല. മുഖ്യമന്ത്രിയുടെ ഓഫീസു കേസില്‍ പങ്കുണ്ടോ ? ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ ? എന്നിങ്ങനെയായിരുന്നു എംപിമാരുടെ ചോദ്യം. എന്‍ഐഎ അന്വേഷണം നോക്കുന്നുവെന്നായിരുന്നു കേന്ദ്ര ആഭ്യന്തരസഹമന്ത്രി നല്‍കിയ മറുപടി. എന്‍.കെ പ്രേമചന്ദ്രന്‍, കെ സുധാകരന്‍, ബെന്നി ബെഹനാന്‍ എന്നീ എം.പിമാരാണ് ചോദ്യങ്ങളുന്നയിച്ചത്.

അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ മന്ത്രി കെ.ടി ജലീലിന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ ക്ലീന്‍ ചിറ്റില്ല. ജലീലിനെ വീണ്ടും ചോദ്യംചെയ്യുമെന്ന് ഇ.ഡി മേധാവി അറിയിച്ചു. കഴിഞ്ഞദിവസം ജലീല്‍ നല്‍കിയ മൊഴികളും ഇ.ഡി പരിശോധിക്കുകയാണ്. അതിനിടെ മന്ത്രി കെ.ടി ജലീലിനെ വ്യാഴം, വെള്ളി ദിവസങ്ങളിലായി രണ്ടുതവണ ഇ.ഡി ചോദ്യംചെയ്തതായി സൂചനയുണ്ട്. മന്ത്രി ഇ.പി.ജയരാജന്‍റെ മകനും ഇ.ഡിയുടെ അന്വേഷണപരിധിയിലുണ്ട്.