കവരത്തി : അഡ്മിനിസ്ട്രേറ്ററുടെ വിവാദ നടപടികൾ ദ്വീപിനെ ടൂറിസം കേന്ദ്രമാക്കാനാണെന്ന ആരോപണങ്ങള്‍ക്കിടെ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെ ഉള്‍പ്പെടുത്തി 860 കോടിയുടെ കടല്‍ത്തീര വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനൊരുങ്ങി കേന്ദ്രം. ലക്ഷദ്വീപിലെ 3 ദ്വീപുകളിലായി 806 കോടിയുടെ കടൽത്തീര വിനോദസഞ്ചാര പദ്ധതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ബീച്ച് ടൂറിസം, ജലവിനോദങ്ങൾ എന്നിവയ്ക്ക് പ്രാമുഖ്യം നൽകി മാലദ്വീപ് മാതൃകയിൽ റിസോർട്ടുകൾ നിർമിക്കാനാണ് പദ്ധതി.
കോർപ്പറേറ്റ് ഗ്രൂപ്പിന് സർക്കാർ സ്ഥലം 75 വർഷത്തേക്കു പാട്ടത്തിന് നല്‍കും. പാട്ടഭൂമിയിൽ 3 വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി പദ്ധതി ആരംഭിക്കണമെന്നാണു വ്യവസ്ഥ. പദ്ധതി പ്രകാരം കടമത്ത്, മിനിക്കോയ്, സുഹേലി എന്നീ ദ്വീപുകളിലെ റിസോർട്ടുകളിലായി മൊത്തം 370 വില്ലകളുണ്ടാകും. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ റിസോർട്ടുകൾ നിർമിക്കും. വാട്ടർ വില്ലകൾക്കായി 3 ദ്വീപുകളിലും 6 ഹെക്ടർ വീതം സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ബീച്ച് വില്ലകൾ നിർമിക്കാൻ കടമത്തിൽ 5.55 ഹെക്ടർ, സുഹേലിയിൽ 3.82 ഹെക്ടർ, മിനിക്കോയിയിൽ രണ്ടിടത്തായി മൊത്തം 8.53 ഹെക്ടർ സർക്കാർ സ്ഥലം വീതം കണ്ടെത്തിക്കഴിഞ്ഞു.
നീതി ആയോഗിന്‍റെയും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെയും മേൽനോട്ടത്തിലുള്ള പദ്ധതികൾക്ക് കേന്ദ്രം തത്വത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. വിവാദ പരിഷ്കാരങ്ങള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ പ്രക്ഷോഭം ശക്തിപ്പെടുന്നതിനിടെയാണ് പുതിയ പദ്ധതികളുമായി കേന്ദ്രം മുന്നോട്ടു പോകുന്നത്.