എന്‍.കെ പ്രേമചന്ദ്രന്‍റെ ചോദ്യത്തിന് മറുപടി : കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടികള്‍ ആരംഭിച്ചെന്ന് കേന്ദ്രം

കൊല്ലം റെയില്‍വേ സ്റ്റേഷന്‍ രാജ്യാന്തര നിലവാരത്തിലേയ്ക്ക് ഉയര്‍ത്തുവാന്‍ വേണ്ടി പുനര്‍ വികസന പദ്ധതി തയാറാക്കാന്‍ റെയില്‍ ലാന്‍റ് ഡെവല്പ്മെന്‍റ് അതോറിറ്റിയെ ചുമതലപ്പെടുത്തിയിട്ടുളളതായി എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയെ കേന്ദ്ര റയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ അറിയിച്ചു. കൊല്ലം റയില്‍വേ സ്റ്റേഷന്‍റെ വികസനത്തിന്‍റെ സാധ്യതാപഠനം, സമഗ്ര ആസൂത്രണം, നഗര രൂപകല്‍പന, എന്‍ജിനീയറിംഗ്, വിശദമായ പദ്ധതി രൂപരേഖ എന്നിവ തയാറാക്കാന്‍ കണ്‍സള്‍ട്ടന്‍റിനെ നിയമിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചതായും എന്‍.കെ പ്രേമചന്ദ്രന്‍ എം.പി ലോക്സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി.

റെയില്‍വേ സ്റ്റേഷനും പരിസരത്തും തിരക്കില്ലാത്ത വിധം യാത്രക്കാര്‍ക്ക് പ്രവേശിക്കാനും പുറത്തുപോകുവാനുമുളള സൗകര്യം, യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക, നഗരത്തിന്‍റെ ഇരുവശങ്ങളും സ്റ്റേഷനുമായി ബന്ധിപ്പിക്കുക, റയില്‍വേ സ്റ്റേഷന്‍ ഇതര ഗതാഗത സൗകര്യങ്ങളുമായി ബന്ധിപ്പിക്കുക, യാത്രക്കാര്‍ക്ക് സൗഹൃദമായ രാജ്യാന്തര നിലവാരത്തിലുളള സൂചികകള്‍, വെളിച്ചമുളള സര്‍ക്കുലേറ്റിംഗ് ഏരിയ, യാത്രക്കാരെ കൊണ്ടുവരുന്നതിനും കൊണ്ടുപോകുന്നതിനുമുളള സൗകര്യം, മതിയായ പാര്‍ക്കിംഗ് തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് തെരഞ്ഞെടുത്ത സ്റ്റേഷനുകളില്‍ നടപ്പാക്കുന്നത്.

സാങ്കേതികവും സാമ്പത്തികവുമായി സാധ്യതകള്‍ പരിശോധിച്ച് പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വിവിധ ഏജന്‍സികള്‍ മുഖേന പദ്ധതി നടപ്പാക്കുന്നത്. വിവിധ നഗരങ്ങള്‍, തീര്‍ത്ഥാടന കേന്ദ്രങ്ങള്‍, പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതി പ്രകാരം ഗുജറാത്തിലെ ഗാന്ധിനഗറിലും ഭോപ്പാലിലെ ഹാബിബ്ഗാനിലുമാണ് ഇപ്പോള്‍ പ്രവൃത്തികള്‍ നടന്നു വരുന്നതെന്നും എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയെ റെയില്‍വേ മന്ത്രി ലോക്സഭയില്‍ അറിയിച്ചു.

N.K Premachandran MPKollam Railway Station
Comments (0)
Add Comment