മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനും, സുരക്ഷിതത്വത്തിനും കേന്ദ്രം നടപടികൾ സ്വീകരിക്കണം: ബെന്നി ബഹനാൻ

Jaihind Webdesk
Monday, August 5, 2024

 

ന്യൂഡൽഹി: രാജ്യത്തെ മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷിതത്വത്തിനും ജീവിത നിലവാരം ഉയർത്തുന്നതിനും വേണ്ടിയുള്ള ദ്രുതനടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. ഇന്ത്യയിലെ മത്സ്യത്തൊഴിലാളികൾ രാജ്യത്തിന്‍റെ സമൃദ്ധി ഉറപ്പാക്കുന്നത് പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നും എന്നാൽ നിലവിലെ കേന്ദ്ര ബജറ്റിൽ ഈ മേഖലയുടെ ആവശ്യങ്ങൾ തൃപ്തികരമായി പരിഗണിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. കേന്ദ്ര ബജറ്റ് അവലോകന ചർച്ചയിൽ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വനവാസ മേഖലകളിൽ താമസിക്കുന്ന ആദിവാസികൾക്ക് ലഭ്യമാകുന്ന അതേ അവകാശങ്ങൾ തീരദേശ മേഖലയിൽ താമസിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും ലഭ്യമാക്കേണ്ടതുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം രാജ്യത്ത് 3.7 കോടി മത്സ്യത്തൊഴിലാളികളാണുള്ളത്. അവരെല്ലാം തന്നെ നിരവധി വെല്ലുവിളികൾ നേരിടുകയാണ്. വിദേശ നയങ്ങൾ, ദുരന്തങ്ങൾ, പരിസ്ഥിതി മാറ്റങ്ങൾ എന്നിവ മൂലം മത്സ്യത്തൊഴിലാളികൾ നേരിടുന്ന വെല്ലുവിളികൾ മറികടക്കുന്നതിന് ബജറ്റിൽ അധിക തുക അനുവദിക്കേണ്ടതുണ്ടെന്നും, കോസ്റ്റൽ റഗുലേഷൻ സോൺ നിയമങ്ങളിൽ ആവശ്യമായ ഭേദഗതികൾ ആവശ്യമാണെന്നും ബെന്നി ബഹനാൻ എംപി ആവശ്യപ്പെട്ടു.

ഒപ്പം തീരദേശ മേഖലയുടെ സംരക്ഷണത്തിന്‍റെ പ്രസക്തിയും എംപി സഭയെ ധരിപ്പിച്ചു. കോസ്റ്റൽ ടൂറിസത്തിന്‍റെ പേരിൽ വൻകിട നിർമ്മാണ പ്രവർത്തികളാണ് തീരദേശ മേഖലകളിൽ നടക്കുന്നതെന്നും അത് നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ പശ്ചിമഘട്ട മേഖലയിൽ സംഭവിക്കുന്ന ദുരന്തങ്ങൾ പോലെ തീരദേശ മേഖലകള്‍ നശിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിയോട് ഇണങ്ങുന്ന ടൂറിസം സാധ്യതകളാണ് ഇത്തരം പ്രദേശങ്ങളിൽ പ്രോത്സാഹിപ്പിക്കേണ്ടത്. കേരളത്തിലെ പുതിയ തീരദേശ ഹൈവേ പദ്ധതി മത്സ്യത്തൊഴിലാളികൾക്കും അവരുടെ ജീവിത ശൈലിയ്ക്കും തന്നെ പൂർണ്ണമായും തടസ്സം വരുത്തും. കേരളത്തിൽ ഇപ്പോൾ പ്രവർത്തി നടക്കുന്ന എൻഎച്ച് 66 കൂടുതലായി കടന്നുപോകുന്നത് തീരദേശ മേഖലകളിൽ കൂടെയാണ് . അതുകൊണ്ടുതന്നെ പ്രത്യേക ഒരു തീരദേശ ഹൈവേയുടെ ആവശ്യം കേരളത്തിനില്ലന്നും തീരദേശ ഹൈവേ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്നും ബെന്നി ബഹനാൻ പറഞ്ഞു.

അതേസമയം വിപണിയിൽ പാലുൽപന്നങ്ങൾക്ക് ന്യായമായതും മെച്ചപ്പെട്ടതുമായ പിന്തുണ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആട്, ഒട്ടകം തുടങ്ങിയവയുടെ പാലുൽപന്നങ്ങൾക്കുള്ള പിന്തുണയും അടിയന്തരമായി പരിഗണിക്കേണ്ടതാണെന്നും ഇവരെയെല്ലാം സഹായിക്കുന്നതിനായി കൂടുതൽ വേഗത്തിലുള്ള വിപണരീതികൾ ആവിഷ്കരിക്കേണ്ടതുണ്ടെന്നും രാജ്യത്ത് അമുൽ ഒഴികെ മറ്റൊരു പാൽ കമ്പനിക്കും സർക്കാരിന്‍റെ പിന്തുണ ലഭിക്കുന്നില്ലെന്നും എംപി ചൂണ്ടികാട്ടി. മറ്റ് കമ്പനികളെയും കൈപിടിച്ചുയർക്കേണ്ടതുണ്ട്. ലോകത്ത് ഏറ്റവും കൂടുതൽ പാലുൽപാദിപ്പിക്കുന്ന രാജ്യമാണ് നമ്മുടെ ഇന്ത്യ. എന്നിട്ടും അതിന്‍റെ പ്രയോജനം പാൽ തൊഴിലാളികൾക്ക് ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെയും പാൽതൊഴിലാളികളുടെയും ജീവിതാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിന് സുസ്ഥിരമായ നടപടികൾ സർക്കാർ കൈക്കൊള്ളണമെന്നും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഉണ്ടായ ധവള വിപ്ലവത്തിന്‍റെയും ബ്ലൂ റവല്യൂഷന്‍റെയും പ്രയോജനഫലം ഈ രണ്ടു മേഖലകൾക്കും ഉറപ്പുവരുത്താനുള്ള നടപടികൾ സ്വീകരിക്കണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.