യുക്രെയ്നില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കായി കേന്ദ്രം ബഹുമുഖ പദ്ധതികള്‍ ആവിഷ്കരിക്കണം: ലോക്സഭയില്‍ പ്രമേയം അവതരിപ്പിച്ച് കൊടിക്കുന്നില്‍ സുരേഷ് എംപി | VIDEO

 

ന്യൂഡല്‍ഹി: യുക്രെയ്നിൽ നിന്ന് യുദ്ധക്കെടുതികൾ സഹിച്ച് മടങ്ങിയെത്തിയവര്‍ക്കായി കേന്ദ്രം ബഹുമുഖപദ്ധതികള്‍ ആവിഷ്കരിക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്കും മറ്റ് പൗരന്മാർക്കും തടസമില്ലാതെ തുടർ വിദ്യാഭ്യാസത്തിനും പുനരധിവാസത്തിനും തൊഴിൽ കണ്ടെത്തുന്നതിനും ഉൾപ്പെടെയുള്ള ബഹുമുഖ പദ്ധതികൾ ആവിഷ്കരിക്കണം.  ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കൊടിക്കുന്നിൽ സുരേഷ് എം പി ലോക്സഭയിൽ ശൂന്യവേളയിൽ പ്രമേയം അവതരിപ്പിച്ചു.

യുക്രെയ്നിൽ നിന്ന് മടങ്ങിവന്ന വിദ്യാർത്ഥികൾ നേരിട്ടത് സമാനതകളില്ലാത്ത ദുരനുഭവങ്ങൾ ആണ്. അവരുടെ വിദ്യാഭ്യാസം മുടങ്ങുന്ന അവസ്ഥ ഉണ്ടാകാൻ പാടില്ല. അവർക്ക് തുടർ വിദ്യാഭ്യാസം ഇന്ത്യയിലെ മെഡിക്കൽ കോളേജുകളിൽ നൽകേണ്ടത് സർക്കാരിന്‍റെ ധാർമ്മിക ഉത്തരവാദിത്വം ആണെന്നും അതിനായുള്ള നയപരമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പ്രമേയത്തിൽ ആവശ്യപ്പെട്ടു. വിദ്യാർത്ഥികളും രക്ഷിതാക്കളും വിദ്യാഭ്യാസ ലോൺ എടുത്ത് വലിയ സാമ്പത്തിക ബാധ്യത നേരിടുകയാണ്. തുടർ പഠനത്തിന് യുക്രെയ്നിലേക്ക് എപ്പോൾ തിരിച്ചുപോകാനാകുമെന്ന് സർക്കാരുകൾക്ക് പോലും പറയാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് യുക്രെയ്നിലെ ഇന്ത്യൻ വിദ്യാർത്ഥികൾ എടുത്ത വിദ്യാഭ്യാസ ലോണിന് മൊറട്ടോറിയം പ്രഖ്യാപിക്കൽ , എഴുതിത്തള്ളൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ സർക്കാർ പ്രാധാന്യത്തോടെ തന്നെ പരിഗണിക്കണമെന്നും തീരുമാനം പ്രഖ്യാപിക്കണമെന്നും കേന്ദ്രസർക്കാരിനോട് കൊടിക്കുന്നിൽ സുരേഷ് എം.പി ആവശ്യപ്പെട്ടു.

യുക്രെയ്നിൽ നിന്ന് വിദ്യാർത്ഥികളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ വന്ന പാളിച്ചകൾ മുൻനിർത്തിക്കൊണ്ടുതന്നെ എല്ലാ ഇന്ത്യൻ എംബസികളിലും കോൺസുൽ ജനറൽ ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന വിദ്യാർത്ഥി ക്ഷേമ സെല്ലുകൾ പ്രത്യേകം പ്രവർത്തനം ആരംഭിക്കണം എന്നും വിദേശ കാര്യ മന്ത്രാലയത്തിൽ സുസജ്ജമായ കൺട്രോൾ റൂം ഉണ്ടാകണം എന്നും കൊടിക്കുന്നിൽ സുരേഷ് എം പി ശൂന്യവേള പ്രമേയത്തിൽ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

 

https://www.youtube.com/watch?v=myHAvirEUT8

Comments (0)
Add Comment