മുല്ലപ്പെരിയാർ മരംമുറി: ബെന്നിച്ചന്‍ തോമസിനെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ കേരളത്തോട് വിശദീകരണം തേടി കേന്ദ്രം

Jaihind Webdesk
Saturday, November 27, 2021

തിരുവനന്തപുരം : മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിൽ ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്ത നടപടിയിൽ വിശദീകരണം തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം. ബെന്നിച്ചന്‍റെ സസ്പെൻഷൻ സംബന്ധിച്ച വിവരങ്ങളും രേഖകളും കേന്ദ്രത്തിന് നൽകാനും നിർദ്ദേശം. വിവരങ്ങൾ ആവശ്യപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു.

മുല്ലപ്പെരിയാറിലെ വിവാദ മരംമുറി ഉത്തരവിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരെ മാത്രം നടപടിയെടുത്ത സംഭവത്തിൽ സർക്കാർ കൂടുതൽ പ്രതിരോധത്തിലാവുകയാണ്. ബെന്നിച്ചന് എതിരായ നടപടിയിൽ വിശദീകരണം തേടി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. ബെന്നിച്ചനെതിരായ നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും സസ്പെൻഷൻ നടപടി സംബന്ധിച്ച കാര്യകാരണങ്ങളും രേഖകളും ഉടനടി മന്ത്രാലയത്തിന് കൈമാറണമെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു ഐഎഫ്എസ് ഉദ്യോഗസ്ഥന് എതിരായി നടപടി എടുക്കണമെങ്കിൽ കേന്ദ്രത്തിൻ്റെ അനുമതി ആവശ്യമാണ്. നടപടിയെടുത്താൽ 48 മണിക്കൂറിനുള്ളിൽ കേന്ദ്രത്തെ അറിയിക്കണമെന്നും ചട്ടമുണ്ട്. എന്നാൽ ഈ ചട്ടങ്ങൾ ഒന്നും പാലിക്കാതെയാണ് സംസ്ഥാന സർക്കാർ ബെന്നിച്ചന്‍ തോമസിനെതിരെ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിൻ്റെ കത്തിൽ നിന്ന് വ്യക്തമാണ്.

അതേസമയം വിവാദ ഉത്തരവ് ഇറങ്ങി മൂന്നാഴ്ച പിന്നിട്ടിട്ടും ഉത്തരവിറക്കിയ വനം വകുപ്പ് ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ ബെന്നിച്ചൻ തോമസിൽ മാത്രം നടപടികൾ ഒതുങ്ങി. തുടരന്വേഷണം നടത്തുന്ന ചീഫ് സെക്രട്ടറി ഇതുവരെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടില്ല. ആരുടെ നിർദേശാനുസരണമാണ് ഉത്തരവ് ഇറക്കിയതെന്നും ഈ മാസം ഒന്നിന് ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ചേംബറിൽ നടന്ന യോഗത്തിന്‍റെ മി‍നിറ്റ്സ് എവിടെയാ‍ണെന്നതുമടക്കമുള്ള ചോദ്യങ്ങൾക്ക് ഇപ്പോഴും ഉത്തരമില്ല. വിവാദ ഉത്തരവിൽ ഉദ്യോഗസ്ഥനെ മാത്രം ബലിയാടാക്കി സർക്കാർ തലയൂരുകയാണെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രലയത്തിൻ്റെ ഇടപെടൽ.