കാട്ടുപന്നി ക്ഷുദ്രജീവിയല്ല; നിയന്ത്രണമില്ലാത്ത കാട്ടുപന്നി വേട്ട അനുവദിക്കാനാവില്ലെന്ന് കേന്ദ്രം

Jaihind Webdesk
Monday, November 22, 2021

ന്യൂഡല്‍ഹി : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി തള്ളി. കാട്ടുപന്നികളെ നിയന്ത്രണമില്ലാതെ വേട്ടയാടാനുളള അനുമതി പൗരന്മാർക്ക് നൽകാൻ കഴിയില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വ്യക്തമാക്കി.  കേരളത്തിന്‍റെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കുമെന്ന് ഉറപ്പ് നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

അടുത്ത മാസത്തോടെ കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് കേരളത്തിലെത്തി കാര്യങ്ങൾ പരിശോധിക്കും. എന്ത് സഹായം നൽകാൻ കഴിയുമെന്ന് പരിശോധിക്കുമെന്നും  അറിയിച്ചതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. പൗരൻമാർക്ക് വേട്ടയ്ക്കുളള അനുമതി നൽകിയാൽ ഗുരുതര പ്രശ്നമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കി.

നിബന്ധനകൾ ഇല്ലാതെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കുന്നതിലാണ് കേന്ദ്ര മന്ത്രി ആശങ്ക പ്രകടിപ്പിച്ചത്. താൽക്കാലികമായെങ്കിലും കുറഞ്ഞത് രണ്ട് വർഷത്തേക്ക് കാട്ടുപന്നികളെ കൊല്ലാൻ അനുമതി വേണമെന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതു സംബന്ധിച്ച അന്തിമ തീരുമാനം സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമേ പറയാൻ കഴിയൂവെന്ന് മന്ത്രി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് മറ്റ് പദ്ധതികൾ ആവിഷ്ക്കരിക്കുമെന്നും എകെ ശശീന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.