വാക്സിന്‍ ഇടവേള വീണ്ടും മാറ്റിപ്പറഞ്ഞ് കേന്ദ്രം ; മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോയെന്ന് ജയറാം രമേശ്

Jaihind Webdesk
Thursday, May 13, 2021

Jayaram Ramesh

ന്യൂഡല്‍ഹി : കൊവിഷീല്‍ഡ് വാക്‌സിന്‍റെ ഇടവേള വര്‍ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വിദഗ്ധ സമിതി നിര്‍ദേശിച്ചതിന് പിന്നാലെ ചോദ്യമുയര്‍ത്തി മുന്‍ കേന്ദ്ര വനം, പരിസ്ഥിവകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയറാം രമേശ്‌. വാക്‌സിനേഷന്‍ പ്രക്രിയയുടെ സുതാര്യത ചോദ്യം ചെയ്ത ജയറാം രമേശ് മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോയെന്നും ചോദിച്ചു.

” ആദ്യം, രണ്ടാമത്തെ ഡോസിന് നാല് ആഴ്ചയും പിന്നീട് 6-8 ആഴ്ചയും ആയിരുന്നു. ഇപ്പോള്‍ ഞങ്ങളോട് 12-16 ആഴ്ചകള്‍ എന്ന് പറയുന്നു. യോഗ്യരായ എല്ലാവര്‍ക്കും നല്‍കാന്‍ വേണ്ടത്ര വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാലാണോ അതോ ശാസ്ത്രീയ ഉപദേശം അങ്ങനെ അയതിനാലാണോ? മോദി സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും സുതാര്യത പ്രതീക്ഷിക്കാമോ?” – ജയറാം രമേശ് ചോദിച്ചു.

കൊവിഷീല്‍ഡ് വാക്‌സിന്‍റെ രണ്ടാമത്തെ ഡോസ് 12 മുതല്‍ 16 ആഴ്ചയ്ക്കിടയില്‍ എടുത്താല്‍ മതിയെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ വിദഗ്ധ സമിതിയുടെ നിലവിലെ നിര്‍ദേശം. രണ്ടാമത്തെ ഡോസ് ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കിടയില്‍ എടുക്കണമെന്നായിരുന്നു മുമ്പ് നല്‍കിയിരുന്ന നിര്‍ദേശം. കോവാക്‌സിന്‍ ഡോസുകളുടെ ഇടവേളയില്‍ മാറ്റമില്ല.

കൊവിഡ് മുക്തരായവര്‍ ആറ് മാസത്തിന് ശേഷമേ വാക്‌സിന്‍ എടുക്കേണ്ടതുള്ളൂ. ഗുരുതരമായ അസുഖങ്ങള്‍ ഉണ്ടായിരുന്നവര്‍ രോഗ മുക്തി നേടി നാല് മുതല്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ മതി പ്ലാസ്മ ചികിത്സയ്ക്ക് വിധേയരാവര്‍ പന്ത്രണ്ട് ആഴ്ചയ്ക്ക് ശേഷം വാക്‌സിന്‍ സ്വീകരിച്ചാല്‍ മതിയെന്നുമാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം.