മാസ്ക് ഉറപ്പാക്കണം, പരിശോധനാ സംവിധാനങ്ങള്‍ ഒരുക്കണം; സംസ്ഥാനങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം

Jaihind Webdesk
Friday, December 23, 2022

ന്യൂഡൽഹി: സംസ്ഥാനങ്ങള്‍ക്കു കൊവിഡ് മാര്‍ഗനിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. ഉത്സവ സീസണ്‍, പുതുവത്സര ആഘോഷം എന്നിവ പരിഗണിച്ചാണ് നീക്കം. ആള്‍ക്കൂട്ടങ്ങള്‍ അമിതമാകരുതെന്നും മാസ്ക് ധരിക്കുന്നത് ഉറപ്പാക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

കൊവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ചർച്ച നടത്തി. നിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തുക, പരിശോധന വേഗത്തിലാക്കുക, ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവ ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിച്ചാല്‍ മാത്രമേ കൊവിഡ് സാഹചര്യത്തെ കാര്യക്ഷമമായി നേരിടാന്‍ കഴിയൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരെ ജില്ലാ തലത്തിൽ നിരീക്ഷിക്കണം. ആവശ്യമായ പരിശോധനാ സംവിധാനങ്ങൾ ജില്ലാ തലത്തിൽ ഒരുക്കണം. ആശുപത്രികളിൽ നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളുടെ ശേഷി പരിശോധിക്കണം. ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഒത്തു ചേരലുകളിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണമെന്നും നിർദേശം നല്‍കിയിട്ടുണ്ട്. വാക്‌സിൻ വിതരണം ഊർജിതമാക്കാനും കൊവിഡ് മാർഗരേഖ പിന്തുടരാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. പുതുവത്സരം ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ട ആഘോഷങ്ങള്‍ കരുതലോടെ വേണമെന്ന നിർദേശമാണ് കേന്ദ്രം മുന്നോട്ടുവെക്കുന്നത്.