ചരിത്ര വിജയം കുറിച്ച് ചാണ്ടി ഉമ്മന്‍; തലസ്ഥാന നഗരിയില്‍ മധുരം വിതരണം ചെയ്ത് ആഘോഷം

Jaihind Webdesk
Friday, September 8, 2023

 

തിരുവനന്തപുരം: പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തെ ആഘോഷമാക്കി തലസ്ഥാനനഗരിയും. കെപിസിസിയിൽ യുഡിഎഫ് നേതാക്കളുടെ നേതൃത്വത്തിൽ ലഡു വിതരണവും സെക്രട്ടേറിയറ്റിന് മുന്നിൽ പായസ വിതരണവും നടത്തി.

കെപിസിസിയിൽ മുതിർന്ന യുഡിഎഫ് നേതാക്കളായ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി, തുടങ്ങിയവരുടെ നേതൃത്വത്തിൽ ലഡു വിതരണം നടത്തിയും പൂത്തിരി കത്തിച്ചുമായിരുന്നു തങ്ങളുടെ സന്തോഷം പങ്കുവെച്ചത്. തുടർന്ന് കെപിസിസിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന്‍റെ മുന്നിൽ പായസ വിതരണവും നടത്തി.

മഹിളാ കോൺഗ്രസും ചാണ്ടി ഉമ്മന്‍റെ വിജയം ആഘോഷമാക്കി. അതേസമയം ഐഎൻടിയുസിയുടെ നേതൃത്വത്തിൽ പിഎംജി ജംഗ്ഷനിൽ പായസ വിതരണം നടത്തി. ചാണ്ടി ഉമ്മന്‍റെ വിജയം സർക്കാരിനുള്ള മറുപടിയാണെന്നും ഐഎൻടിയുസി നേതാവ് പറഞ്ഞു. പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷവും മറികടന്ന ചാണ്ടി ഉമ്മന്‍റെ ജയം ആഘോഷമാക്കുകയായിരുന്നു തലസ്ഥാന നഗരി.