പ്രണയം :-“ഉള്ളവർക്ക് ലഹരി,ഇല്ലാത്തവർക്ക് കാത്തിരിപ്പ്,ഉണ്ടായിരുന്നവർക്ക് വിരഹം…”

Jaihind News Bureau
Saturday, February 14, 2026

പ്രിയപ്പെട്ട സാറാമ്മേ , ജീവിതം യൗവന തീഷ്ണവും ഹൃദയം പ്രേമ സുരഭിലവും ആയിരിക്കുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു?ഞാൻ ആണെങ്കിൽ എന്റെ ജീവിതത്തിലെ നിമിഷങ്ങൾ ഓരോന്നും സാറാമ്മയോടുള്ള പ്രേമത്തിൽ കഴിയുകയാണ്.സാറാമ്മയോ? ഗാഢമായി ചിന്തിച്ച് മധുരോദാരമായ ഒരു മറുപടിയാല്‍ എന്നെ അനുഗ്രഹിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട്, സാറാമ്മയുടെ കേശവന്‍ നായര്‍…….”

കാല്പനികമായ ഒരു പ്രേമലേഖനത്തോടെ ആരംഭിക്കുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പ്രേമലേഖനം’ എന്ന ലഘുനോവല്‍ വ്യത്യസ്ത മതവിശ്വാസികളായ സാറാമ്മയുടെയും കേശവന്‍ നായരുടെയും പ്രണയകഥയാണ് പറയുന്നത്. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്ന മക്കള്‍ക്ക് എന്തുപേരിടുമെന്ന ചര്‍ച്ച ആകാശമിഠായി എന്ന പേരിലാണ് എത്തിനില്‍ക്കുന്നത്.  കേശവന്‍ നായര്‍ സാറാമ്മയെ ‘എടീ’ എന്നു വിളിക്കുമ്പോള്‍ ‘മിസ്റ്റര്‍ കേശവന്‍ നായര്‍’ എന്ന് സാറാമ്മ മറുവിളി വിളിക്കുന്നു. കേശവന്‍ നായരുടെ പ്രണയസങ്കല്പത്തെ കീഴ്മേല്‍മറിച്ച പ്രണയിനിയാണ് ഇവിടെ സാറാമ്മ. പ്രണയത്തിന് ശമ്പളം ചോദിച്ചും പ്രണയിയെ തലകീഴായി നിര്‍ത്തിയും പ്രണയസങ്കല്പത്തെ മാറ്റിമറിക്കുകയാണ് സാറാമ്മ ചെയ്തത്.

ഫെബ്രുവരി മാസം പിറക്കുന്നതോടെ ലോകം മുഴുവൻ പ്രണയത്തിന്റെ ചുവപ്പ് നിറത്തിലേക്ക് മാറും.എന്നാൽ ഈ ദിനത്തെ ഓരോ പ്രണയിതാക്കളും വരവേൽക്കുമ്പോൾ, ഈ ആഘോഷത്തിന് പിന്നിൽ കൊടും ക്രൂരതയുടെ ഒരു ചരിത്രവുമുണ്ട്. ഇതിന്റെ ചരിത്ര പശ്ചാത്തലം ചെന്നെത്തുന്നത് പുരാതന റോമിലെ ക്രൂരമായ ഭരണകൂടത്തിനും ഒരു പുരോഹിതന്റെ ആത്മത്യാഗത്തിനും ഇടയിലേക്കാണ്. എന്നാൽ ചരിത്രത്തിൽ മൂന്ന് വിശുദ്ധ വാലന്റൈന്മാരെക്കുറിച്ച് പരാമർശമുണ്ട്. ഇതിൽ ഏറ്റവും പ്രശസ്തൻ എ.ഡി. മൂന്നാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന പുരോഹിതനാണ്.

അന്നത്തെ റോമൻ ചക്രവർത്തി ക്ലോഡിയസ് രണ്ടാമന്റെ കാലം. അന്ന് ക്ളോഡിയസ് ഒരു വിചിത്രമായ നിയമം കൊണ്ടുവന്നു. യുവാക്കൾ വിവാഹം കഴിക്കാൻ പാടില്ല എന്നതായിരുന്നു ആ ഉത്തരവ്. വിവാഹിതരായ പുരുഷന്മാരെക്കാൾ മികച്ച സൈനികർ അവിവാഹിതരാണെന്നും, വിവാഹം കഴിഞ്ഞാൽ പുരുഷന്മാരുടെ യുദ്ധവീര്യം കുറയുമെന്നും ചക്രവർത്തി വിശ്വസിച്ചു.അങ്ങനെ യോദ്ധാക്കളുടെ വീര്യം ചോർന്നുപോകാതിരിക്കാൻ ചക്രവർത്തി വിവാഹം നിരോധിച്ചു.ഭരണകൂടത്തിന്റെ ഈ ക്രൂരമായ നിയമത്തെ വെല്ലുവിളിച്ചുകൊണ്ട് ബിഷപ്പ് വാലന്റൈൻ രംഗത്തുവന്നു. അദ്ദേഹം പ്രണയിതാക്കളെ രഹസ്യമായി വിവാഹം കഴിപ്പിച്ചു. ഈ വിവരം അറിഞ്ഞ ചക്രവർത്തി വാലന്റൈനെ തടവിലാക്കുകയും വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. വാലന്റൈന്റെ അത്ഭുത കഥകൾ കേട്ടറിഞ്ഞ റോമിലെ ജയിലർ അന്ധയായ തന്റെ മകളുമായി വാലന്റെന്റെ അടുത്തെത്തി. കാഴ്ച തിരിച്ചുകിട്ടാൻ ബുദ്ധിമുട്ടാണെന്നും താൻ പരമാവധി ശ്രമിക്കാമെന്നും അദ്ദേഹം ജയിലർക്ക് ഉറപ്പുനൽകുകയും ചികിത്സ ആരംഭിക്കുകയും ചെയ്‌തത്രെ. അങ്ങനെ ഇരുവരും തമ്മിൽ പ്രണയത്തിലായെന്നും ആ പെൺകുട്ടി വാലന്റൈനെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്‌തെന്നാണ് മറ്റൊരു കഥ.

പിന്നീട് തൂക്കിലേറ്റപ്പെടുന്നതിന്റെ തലേന്ന് അദ്ദേഹം അന്ധയായ ആ പെൺകുട്ടിയ്ക്ക് കത്തെഴുതി. എന്ന് സ്വന്തം വാലന്റൈൻ എന്ന് പറഞ്ഞുകൊണ്ടായിരുന്നു കത്ത് അവസാനിപ്പിച്ചത്. എഡി 270 ഫെബ്രുവരി 14ന് അദ്ദേഹത്തെ തൂക്കിലേറ്റി. പിന്നീട് ആ കത്ത് ജയിലർ തന്റെ മകൾക്ക് സമ്മാനിച്ചു. അതിൽ ഒരു മഞ്ഞപ്പൂവ് ഉണ്ടായിരുന്നു. അത് നോക്കിയപ്പോൾ പെൺകുട്ടിയുടെ കാഴ്ച തിരിച്ചുകിട്ടിയെന്ന് പറയപ്പെടുന്നു.

വാലന്റൈന്റെ മരണത്തിന് നൂറ്റാണ്ടുകൾക്ക് ശേഷമാണ് ഈ ദിനം സാഹിത്യപരമായി പ്രണയവുമായി ബന്ധിക്കപ്പെടുന്നത്. മധ്യകാലഘട്ടത്തിലെ ഇംഗ്ലീഷ് കവി ജഫ്രി ചോസർ തന്റെ ‘The Parliament of Fowls’ എന്ന കവിതയിൽ ഫെബ്രുവരി പകുതിയോടെ പക്ഷികൾ തങ്ങളുടെ ഇണയെ കണ്ടെത്തുന്നു എന്ന് എഴുതി. ഇതിന് ശേഷമാണ് വാലന്റൈൻസ് ദിനത്തിൽ പ്രണയലേഖനങ്ങളും കവിതകളും കൈമാറുന്ന രീതി യൂറോപ്പിൽ വ്യാപകമായത്.
എന്നാൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ അമേരിക്കക്കാരിയായ എസ്തർ ഹൗലാൻഡാണ് ആദ്യമായി വാലന്റൈൻ കാർഡുകൾ വൻതോതിൽ അച്ചടിച്ചു തുടങ്ങിയത്. ഇതോടെ ‘മദർ ഓഫ് ദി അമേരിക്കൻ വാലന്റൈൻ’ എന്നറിയപ്പെട്ട അവർ വാലന്റൈൻസ് ഡേയെ ഇന്നത്തെ രീതിയിലുള്ള ഒരു ബിസിനസാക്കി മാറ്റി. ഇന്ന് ഓരോ വർഷവും കോടിക്കണക്കിന് ഡോളറിന്റെ റോസാപ്പൂക്കളും ചോക്ലേറ്റുകളുമാണ് ഈ ഒറ്റ ദിവസം കൊണ്ട് വിറ്റഴിക്കപ്പെടുന്നത്.

എന്നാൽ പഴയകാലത്തെ ഈ ദിനത്തെ മാറ്റി മറിച്ചു കൊണ്ട് ഇന്നത്തെ ജെൻ സികൾ വാലന്റൈൻസ് ഡേ എന്നത് വെറുമൊരു പ്രണയദിനം മാത്രമല്ല. അവർ ഇതിനെ ‘സെൽഫ് ലവ്’, എല്ലാത്തരം സ്നേഹബന്ധങ്ങളെയും ബഹുമാനിക്കാനുള്ള ദിവസം എന്നീ രീതികളിലും ആഘോഷിക്കുന്നു.

പക്ഷെ വാലന്റൈൻസ് ഡേ വെറുമൊരു ദിനമല്ല എന്ന് കൂടി ഓർക്കണം. അത് സ്നേഹത്തിന് വേണ്ടി ഭരണകൂടത്തോടും സമൂഹത്തോടും പോരാടിയ ഒരു പുരോഹിതന്റെ ഓര്മപുതുക്കലാണ്. ഓരോ വർഷവും നാം കൈമാറുന്ന ചുവന്ന റോസാപ്പൂക്കൾ വിശുദ്ധ വാലന്റൈൻ ഒഴുക്കിയ രക്തത്തിന്റെ പ്രതീകമാണെന്ന് ഓർക്കുമ്പോഴാണ് ഈ ദിനത്തിന് കൂടുതൽ അർത്ഥമുണ്ടാകുന്നത്.