ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഞായര്‍ : പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശം പകര്‍ന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു

Jaihind News Bureau
Sunday, April 20, 2025

പ്രത്യാശയുടെയും സഹനത്തിന്റെയും സന്ദേശം പകര്‍ന്ന് ക്രൈസ്തവ വിശ്വാസ സമൂഹം ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഞായറാണ് ഈസ്റ്റര്‍. വിശുദ്ധവാരത്തിന്റേയും അന്‍പത് നോമ്പാചരണത്തിന്റെയും അവസാനം ഈസ്റ്റര്‍ ആഘോഷത്തിലാണ് വിശ്വാസികള്‍. യേശുക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണ പുതുക്കി ക്രൈസ്തവ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുകര്‍മ്മങ്ങള്‍ നടന്നു. ആയിരക്കണക്കിന് വിശ്വാസികള്‍ പാതിരാകുര്‍ബാനകളിലും ശുശ്രൂഷ ചടങ്ങുകളിലും പങ്കുചേര്‍ന്നു.
തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയും പാളയം സെന്റ് ജോസഫ് കത്തീഡ്രലില്‍ ആര്‍ച്ച് ബിഷപ് തോമസ് ജെ.നെറ്റൊയുമാണ് മുഖ്യ കര്‍മികത്വം വഹിച്ചു.

ഈസ്റ്റര്‍ ആശംസകള്‍

കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ എല്ലാവര്‍ക്കും ഈസ്റ്ററിന്റെ മംഗളാശംസകള്‍ നേര്‍ന്നു. പ്രത്യാശയുടെ സന്ദേശവുമായാണ് ഓരോ ഈസ്റ്ററും കടന്നുവരുന്നത് . ഗാഗുൽത്താമലയിൽ കുരിശുമരണം പ്രാപിച്ച യേശു മൂന്നാം ദിവസം മരണത്തെ ജയിച്ചുകൊണ്ട് നിത്യതേജസ്സോടെ ഉയർത്തെഴുന്നേറ്റതിന്റെ അനുസ്മരണമായാണ് ലോകമെമ്പാടും ഈസ്റ്റർ ആഘോഷിക്കുന്നത്. എത്ര ദുരിതത്തിലൂടെയും കഷ്ടപ്പാടുകളിലൂടെയും കടന്നു പോയാലും എല്ലാ വേദനകള്ക്കും പീഡകള്ക്കും ശേഷം ഉത്ഥാനമുണ്ട് എന്ന പ്രത്യാശയാണ് ഈസ്റ്റർ നമുക്ക് നൽകുന്നത്.വിശുദ്ധമായ ഈസ്റ്ററിന്റെ ചൈതന്യം നിങ്ങളുടെ ആത്മാവിൽ സ്നേഹവും കരുതലും നിറയ്ക്കട്ടെ എന്നാശംസിക്കുന്നു.

പ്രിയപ്പെട്ട എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ .പീഡാനുഭവങ്ങള്‍ക്കും കുരിശ് മരണത്തിനും ശേഷമുള്ള ഉയിര്‍പ്പിന്റെ പെരുന്നാളാണ് ഈസ്റ്റര്‍. ലോകത്ത് എല്ലായിടത്തുമുള്ള മനുഷ്യരുടെ പ്രതീക്ഷയും സ്വപ്നവുമെല്ലാം ക്രിസ്തുവായി മാറുന്നൊരു കാലമാണ് ഉയിര്‍പ്പിന്റെ പെരുന്നാള്‍. മനുഷ്യന്‍ ചെയ്തു കൂട്ടിയ എല്ലാ പാപങ്ങളുടെയും മോചനത്തിനായി മനുഷ്യ പുത്രന്‍ സ്വയം ബലിയര്‍പ്പിച്ച് ക്രൂശിതനായതിന്റെ ഓര്‍മ്മകള്‍ കൂടിയാണിത്. ജീവിതത്തില്‍ വീഴാതെ, പിന്തിരിഞ്ഞോടാതെ പിടിച്ചു നില്‍ക്കാനുള്ള ആത്മവിശ്വാസമാണ് ഈ ഉയിര്‍പ്പിന്റെ പെരുന്നാള്‍ നല്‍കുന്നത്. നിങ്ങള്‍ പ്രത്യാശയുള്ളവരായിരിക്കണം, കാരണം നിങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നയാള്‍ വിശ്വസ്തനാണ്.

രമേശ് ചെന്നിത്തല എം എല്‍ എയും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു. എല്ലാ പീഢാനുഭവങ്ങള്‍ക്കും കുരിശിലേറ്റലിനും അപ്പുറം പ്രത്യാശയുടെയും പ്രതീക്ഷയുടെയും ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ടാകുമെന്ന് ഈസ്റ്റര്‍ നമ്മെ പഠിപ്പിക്കുന്നു. നല്ല നാളെകള്‍ അവസാനിക്കുന്നില്ലെന്നും എല്ലാ ഇരുളിനപ്പുറവും വെളിച്ചമുണ്ടെന്നുമുള്ള ഓര്‍മ്മപ്പെടുത്തലാണ് ഈസ്റ്റര്‍. അത് ത്യാഗത്തിന്റെയും സഹനത്തിന്റെയും കഥ കൂടിയാണ്. എല്ലാ മനുഷ്യര്‍ക്കും വേണ്ടി ജീവത്യാഗം ചെയ്യുന്ന, എല്ലാ പാപങ്ങളും തന്റേതാക്കി ഏറ്റെടുത്ത് മറ്റുള്ളവര്‍ക്കായി, അവരുടെ വിമോചനത്തിനായി തന്നെ സമര്‍പ്പിക്കുന്ന മനുഷ്യരുണ്ടെന്നും ആ മഹത്വമവരെ ദൈവപുത്രന്‍മാരാക്കുമെന്നും ഈസ്റ്റര്‍ നമ്മോടു പറയുന്നു. കാല്‍വരിയിലെ കുരിശില്‍ പിടഞ്ഞത് മനുഷ്യസ്നേഹത്തിന്റെ അവസാനിക്കാത്ത ഇതിഹാസമാണ്. മൂന്നാം ദിനം ഉയിര്‍കൊണ്ടത് ഏതു വിഷക്കാറ്റിനും ഉരുകുന്ന അഗ്‌നിക്കും തടുക്കാനാവാത്ത പ്രത്യാശയുടെ ലില്ലിപ്പൂക്കളാണ്. അതിന്റെ സൗരഭ്യം മനുഷ്യരാശിയെ ഇന്നും ചൂഴ്ന്നു നില്‍്ക്കുന്നണ്ട്. പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. ഈസ്റ്ററും.

ദുഃഖവെള്ളിക്കപ്പുറത്ത് സന്തോഷത്തിന്റെ ഈസ്റ്റര്‍ ഉണ്ട് എന്നത് യാതനകളെ അതിജീവിക്കാനുള്ള കരുത്തു നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ പറഞ്ഞു.