സ്വർണ്ണക്കടത്ത്: സ്വപ്നയുടെ സാന്നിധ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിലെ ക്യാമറകള്‍ പകര്‍ത്തി

Jaihind News Bureau
Friday, August 21, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ എന്‍ഐഎക്ക് ഉടന്‍ കൈമാറേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ സാന്നിധ്യം മുഖ്യമന്ത്രിയുടെ ഓഫീസ് ബ്ലോക്കിലെ ക്യാമറകള്‍ പകര്‍ത്തിയെന്ന് ബോധ്യപ്പെട്ടതോടെ. ഇതോടെ നിരീക്ഷണ ക്യാമറകളുടെ കണ്‍ട്രോള്‍ റൂമില്‍ കർശന പരിശോധന ഏർപ്പെടുത്തിയതായാണ് വിവരം.

അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റേയും  മന്ത്രി കെ.ടി ജലീലിന്‍റേയും  സെക്രട്ടേറിയറ്റിലെ ഓഫീസുകളില്‍ സ്വപ്‌ന എത്താറുണ്ടോ എന്ന് സ്ഥിരീകരിക്കാനാണ് എന്‍ഐഎ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്. 2019 ജൂലായ് മുതല്‍ 2020 ജൂലായ് 5 വരെയുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് സൂക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറിക്ക് എന്‍ഐഎ കത്ത് നല്‍കിയത്.

ഇതിനുപിന്നാലെ  സെക്രട്ടേറിയറ്റിലെ ദനിരീക്ഷണ ക്യാമറകളുടെ കൺട്രോൾ റൂമിൽ കഴിഞ്ഞ വർഷത്തെ ആദ്യ ദിവസങ്ങളിലെ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ പരിശോധിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്കിലേക്കു സ്വപ്ന പോയിവരുന്നതിന്‍റെ ദൃശ്യങ്ങൾ അന്ന് തന്നെ കണ്ടെത്തിയതായാണ് സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിനു  മുകൾ നിലയിലാണു ശിവശങ്കറിന്‍റെ ഓഫീസ്.  സ്വപ്നയുടെ സാന്നിധ്യം നിരീക്ഷണ ക്യാമറകൾ പകർത്തിയെന്നു ബോധ്യപ്പെട്ടതോടെയാണ് ഈ ദൃശ്യങ്ങൾ കൈമാറേണ്ടെന്ന് ഉന്നത തലത്തിൽ തീരുമാനിച്ചത്. എൻഐഎ വീണ്ടും കത്തു നൽകിയാൽ ദൃശ്യങ്ങള്‍ നൽകുമെന്ന നിലപാടിലാണ് അധികൃതർ.