കൊച്ചി: സിസിടിവി ക്യാമറകൾ സ്ഥാപിച്ച് അയൽവാസിയുടെ കാര്യങ്ങളിൽ അനാവിശ്യമായി ഇടപെടരുതെന്ന് ഹൈക്കോടതി. സുരക്ഷയുടെ പേരിൽ സിസിടിവി വെക്കുന്ന കാര്യത്തിൽ സംസ്ഥാന പൊലീസ് മേധാവി സർക്കാരുമായി കൂടിയാലോചിച്ച് മാർഗനിർദേശമിറക്കണമെന്നും ജസ്റ്റിസ് വി ജി അരുൺ അറിയിച്ചു. അയൽവാസി സ്ഥാപിച്ച സിസിടിവി ക്യാമറ ഫോക്കസ് ചെയ്യുന്നത് തന്റെ വീട്ടിലേക്കാണെന്ന് ആരോപിച്ച് എറണാകുളം ചേരനെല്ലൂർ സ്വദേശിനിയായ ആഗ്നസ് മിഷേല്‍ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി ജി അരുണിന്റെ ഉത്തരവ്.
അയല്‍വാസി വീടിനു സമീപത്തായി സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന വിധമാണെന്ന് ആഗ്നസ് പരാതിയില്‍ പറയുന്നു. സ്വകാര്യതയുടെ ലംഘനമാണെന്നായിരുന്നു പരാതിക്കാരി ചൂണ്ടിക്കാട്ടിയത്.അതേസമയം സിസിടിവിയുടെ കാര്യത്തിൽ മാർഗനിർദേശം അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിയെ ഇതിനായുളള നിർദേശങ്ങൾ നൽകാനായി സ്വമേധയാ കക്ഷിചേർത്തിട്ടുണ്ട്.