
സിപിഐയില്‍ നിന്ന് രാജിവെച്ച് സി സി മുകുന്ദന് എംഎല്‍എ. ഗീതാ ഗോപിയെ നാട്ടികയില്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് മുകുന്ദന് പാര്‍ട്ടി വിട്ടത്. താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്നും, ഇതിനായി യു.ഡി.എഫ് പിന്തുണ തേടുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
പാര്‍ട്ടി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് മുകുന്ദന് ഉന്നയിച്ചിരിക്കുന്നത്. പണം പിരിച്ചു നല്‍കുന്നതാണ് ഗീതാ ഗോപിയുടെ യോഗ്യത എന്നും, ഇത് ഒരു ‘പെയ്മെന്റ് സീറ്റ്’ ആണെന്നുമാണ് അദ്ദേഹത്തിന്റെ ആക്ഷേപം. എന്നാല്‍ ഈ ആരോപണങ്ങള്‍ ഗീതാ ഗോപിയും സി.പി.ഐ നേതൃത്വവും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. മറുപടി പറയാന്‍ നില്‍ക്കാതെ ഗീതാ ഗോപി വിവാദത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി സി.പി.ഐ ജില്ലാ കമ്മിറ്റിയുമായി സി.സി. മുകുന്ദന് അത്ര നല്ല ബന്ധത്തിലായിരുന്നില്ല. ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതിനെ തുടര്‍ന്ന് സമ്മേളന വേദി ബഹിഷ്കരിച്ച സംഭവം നേരത്തെ തന്നെ വലിയ ചര്‍ച്ചയായിരുന്നു. നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും, വീണ്ടും മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു മുകുന്ദന്. എന്നാല്‍ ചേര്‍പ്പ് മണ്ഡലം കമ്മിറ്റിയുടെ കടുത്ത എതിര്‍പ്പ് മുകുന്ദന് വിനയായി.