സിബിഎസ്ഇ 10,12 ഫലം പ്രഖ്യാപിച്ചു; വെബ്‌സൈറ്റിലൂടെ ഫലം അറിയാം

Jaihind News Bureau
Tuesday, May 13, 2025

സിബിഎസ്ഇ പത്താക്ലാസ്സ്, പ്ലസ്ടു ഫലം പ്രഖ്യാപിച്ചു. ആകെ 93.66 ശതമാനമാണ് പത്താക്ലാസ്സ് വിജയം. അതേസമയം പ്ലസ്ടുവില്‍ 88.39 ശതമാനമാണ് ആകെ വിജയം. മേഖലകളില്‍ തിരുവനന്തപുരവും വിജയവാഡയുമാണ് മുന്നില്‍. പ്ലസ്ടു ഫലത്തില്‍ 99.32 ശതമാനമാണ് തിരുവനന്തപുരത്തെ ആകെ വിജയം.

വിദ്യാര്‍ത്ഥികളുടെ കാത്തിരിപ്പിന് ശേഷമാണ് സിബിഎസ്ഇ പരീക്ഷാ ഫലം വന്നിരിക്കുന്നത്. 17,04,367 വിദ്യാര്‍ത്ഥികളാണ് ഇത്തവണ സിബിഎസ്ഇ പരീക്ഷക്ക് വേണ്ടി രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, ഇതില്‍ 16,92,794 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. 14,96,307 വിദ്യാര്‍ത്ഥികള്‍ വിജയിക്കുകയും ചെയ്തു. പരീക്ഷ എഴുതി വിജയിച്ചവരില്‍ 91.64 ശതമാനം പെണ്‍കുട്ടികളും 85.70% ആണ്‍കുട്ടികളുമാണ്. കൂടുതല്‍ വിജയ ശതമാനം വിജയവാഡ മേഖലയിലും ( 99.60%) രണ്ടാം സ്ഥാനം തിരുവനന്തപുരം മേഖലയിലുമാണ് (99.32%). കഴിഞ്ഞ തവണ തിരുവനന്തപുരം മേഖലക്കായിരുന്നു കൂടുതല്‍ വിജയ ശതമാനം ഉണ്ടായിരുന്നത്. ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വിജയ ശതമാനം 0.41% വര്‍ദ്ധിച്ചിട്ടുണ്ട്. 12 മണി മുതല്‍ സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഫലം പ്രസിദ്ധപ്പെടുത്തി. റിസള്‍ട്ട് വിവരങ്ങള്‍ക്കായി സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റായ cbse.gov.in cbseresults.nic.in, results.cbse.nic.in എന്നിവ സന്ദര്‍ശിക്കാം.