യെസ് ബാങ്ക് അഴിമതി : സ്ഥാപകന്‍ റാണ കപൂര്‍ ഉള്‍പ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ കേസെടുത്തു

യെസ് ബാങ്ക് അഴിമതിക്കേസുമായി ബന്ധപ്പെട്ട് സ്ഥാപകൻ റാണ കപൂർ, ഭാര്യ ബിന്ദു, മക്കളായ രാഖി കപൂർ ടണ്ഠൻ, റോഷ്‌നി കപൂർ, രാധ കപൂർ എന്നിവർക്കെതിരെ സി.ബി.ഐ കേസെടുത്തു. വഞ്ചന, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇവർക്ക് പുറമെ ദിവാൻ ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് കമ്പനിയുടെ രക്ഷാധികാരി കപിൽ ധവാൻ, സഹോദരൻ ധീരജ് എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അഴിമതിയുമായി ബന്ധപ്പെട്ട് റാണ കപൂറിന്‍റെ വസതിയിലും ഔദ്യോഗിക സ്ഥാപനങ്ങളിലും അടക്കം ഏഴിടങ്ങളിൽ സി.ബി.ഐ റെയ്ഡ് നടത്തി.

ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് 300 കോടി രൂപ വായ്പ നൽകിയിരുന്നു. അതിന് പിന്നാലെ ഭാര്യ ബിന്ദുവിന്‍റെ അക്കൗണ്ടിൽ 600 കോടി രൂപ എത്തിയിരുന്നു. ഇത് കോഴയാണെന്നാണ് ആരോപണം. റാണയുടെ മക്കൾക്കും ഇടപാടിന്‍റെ നേട്ടം ലഭിച്ചെന്നും ആരോപണമുണ്ട്. അതേസമയം യെസ് ബാങ്കിന്‍റെ മോറട്ടോറിയം 14 ഓടെ നീക്കിയേക്കുമെന്നാണ് സൂചന.

Comments (0)
Add Comment