കലാഭവന്‍ മണിയുടെ മരണം: അന്വേഷണം അവസാനിപ്പിക്കാന്‍ സി.ബി.ഐ

Jaihind Webdesk
Sunday, February 10, 2019

നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലെ ദുരൂഹതയുടെ അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ചേക്കും. മണിയുടെ സുഹൃത്തുക്കളായ ഏഴുപേരുടെ നുണപരിശോധനയോടെ അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം.
മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ടെങ്കിലും കൊലാപാതകത്തിനുള്ള സാധ്യത കുറവാണെന്നാണ് ഇതുവരെയുള്ള കണ്ടെത്തല്‍. മണിയുടെ സുഹൃത്തുക്കളായ നടന്‍ ജാഫര്‍ ഇടുക്കി, ജോബി സെബാസ്റ്റിയന്‍, സാബുമോന്‍, സി.എ. അരുണ്‍, എം.ജി. വിപിന്‍, കെ.സി. മുരുകന്‍, അനില്‍കുമാര്‍ എന്നിവരെയാണ് സി.ബി.ഐ നുണപരിശോധനയ്ക്ക് വിധേയരാക്കുന്നത്.

2016 മാര്‍ച്ച് അഞ്ചിനാണ് വീടിന് സമീപത്തെ ഒഴിവുകാല വസതിയായ ‘പാഡി’യില്‍ രക്തം ഛര്‍ദിച്ച് അവശനിലയില്‍ കലാഭവന്‍ മണിയെ കണ്ടെത്തിയത്. തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരിച്ചു. കേന്ദ്ര-സംസ്ഥാന ലാബുകളില്‍ മണിയുടെ ആന്തരിക അവയവങ്ങള്‍ പരിശോധിച്ചതില്‍ വ്യത്യസ്ത ഫലങ്ങളാണ് പുറത്തു വന്നത്. കരള്‍ രോഗ ബാധിതനായിരുന്ന മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെയും വ്യാജമദ്യത്തിന്റെയും സാന്നിധ്യം കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ടുകളും വന്നിരുന്നു. ആദ്യം കേസ് അന്വേഷിച്ച പൊലീസ് രോഗം മൂലമുള്ള മരണം, കൊലപാതകം, ആത്മഹത്യ, അറിയാതെ വിഷമദ്യം ഉള്ളില്‍ചെന്നുള്ള മരണം എന്നീ സാധ്യതകള്‍ പരിശോധിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍, മരണത്തിനിടയാക്കിയത് വലിയതോതില്‍ വിഷമദ്യം ഉള്ളില്‍ചെന്നത് മൂലമാണെന്നാണ് കണ്ടെത്തിയത്.

മരണത്തിന് പിന്നിലെ യഥാര്‍ഥ വസ്തുത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മണിയുടെ ഭാര്യ നിമ്മി, സഹോദരന്‍ ആര്‍.എല്‍.വി.രാമകൃഷ്ണന്‍ എന്നിവരുടെ ഹരജിയുടെ അടിസ്ഥാനത്തിലാണ് ഹൈകോടതി അന്വേഷണം ഏറ്റെടുക്കാന്‍ സി.ബി.ഐയോട് നിര്‍ദേശിച്ചത്. അന്വേഷണം ഏറ്റെടുത്ത് 20 മാസങ്ങള്‍ക്ക് ശേഷമാണ് സി.ബി.ഐ സുഹൃത്തുക്കളുടെ നുണ പരിശോധനക്ക് നടപടി ആരംഭിച്ചിരിക്കുന്നത്. പരിശോധന എവിടെ നടത്തണമെന്ന കാര്യത്തില്‍ കോടതി വിധി വന്നശേഷമാവും സി.ബി.ഐ അന്തിമ തീരുമാനമെടുക്കുക.