ലൈഫ് മിഷൻ : 3 ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സിബിഐ ഉടൻ ചോദ്യംചെയ്യും

Jaihind News Bureau
Monday, September 28, 2020

 

കൊച്ചി: വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി ക്രമക്കേടിൽ 3 ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരെ സിബിഐ ഉടൻ ചോദ്യം ചെയ്യും.  യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ ഉടൻ അറസ്റ്റുചെയ്യുമെന്നും സിബിഐ വൃത്തങ്ങൾ സൂചന നൽകുന്നു. സ്വപ്ന, സന്ദീപ് എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനും സിബിഐ തീരുമാനിച്ചു.

മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരായ എം ശിവശങ്കർ, ടി.കെ ജോസ്, യു.വി ജോസ് എന്നിവരെെയാണ് സിബിഐ ഉടൻ ചോദ്യം ചെയ്യുക. നിർമ്മാണ കരാർ യൂണിടാക്കിന് നൽകിയതിൽ 3 ഉദ്യോഗസ്ഥരുടേയും പങ്ക് സംബന്ധിച്ച് സിബിഐയ്ക്ക് തെളിവ് ലഭിച്ചിട്ടുണ്ട്.  സർക്കാർ അംഗീകൃത സ്ഥാപനമായ ഹാബിറ്റാറ്റിനെ മുന്നറിയിപ്പില്ലാതെ നിർമ്മാണ കരാറിൽ നിന്നും ഒഴിവാക്കി യൂണിടാക്കിനെ കൊണ്ടുവന്നതിൽ മുതിർന്ന ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി സിബിഐ കണ്ടെത്തി. ഇത് സംബന്ധിച്ച രേഖകളും സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. കെട്ടിട നിർമ്മാണ ഫണ്ട് സംഭാവന ചെയ്ത റെഡ് ക്രസന്‍റിന് യൂണിടാക്കിനെ കൊണ്ടുവരുന്നതിൽ പങ്കില്ലായിരുന്നുവെന്നും സിബിഐയ്ക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. വിദേശ പണം നേരിട്ട് സ്വീകരിക്കുന്നതിന് കേന്ദ്രാനുമതി ഇല്ലായിരുന്നതായി അറിയില്ലായിരുന്നു എന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ സിബിഐയ്ക്ക് മൊഴി നൽകിയിട്ടുണ്ട്.

നിർമ്മാണ കരാർ ലഭിച്ചതിന്‍റെ കമ്മീഷൻ തുകയിൽ 3 കോടി 50 ലകം രൂപ തിരുവനന്തപുരത്ത് വച്ച് യുഎഇ കോൺസുലേറ്റ് ജീവനക്കാരൻ ഖാലിദിന് കൈമാറിയതിന്‍റെ തെളിവുകൾ യൂണിടാക്കിന്‍റെ ഓഫീസിൽ നിന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ സന്തോഷ് ഈപ്പന്‍റെ അറസ്റ്റ് ഉണ്ടാവാനുള്ള സാധ്യത വർധിച്ചു. കൂടാതെ സ്വർണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന, സന്ദീപ് എന്നിവർക്ക് വടക്കാഞ്ചേരി ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ കാര്യങ്ങൾ അറിയാമെന്നും സിബിഐ വിലയിരുത്തുന്നു.  ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്.