പെരിയയില്‍ നടപടി കടുപ്പിച്ച് സി.ബി.ഐ : കേസ് ഡയറി നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കും ; ക്രൈംബ്രാഞ്ചിന് നോട്ടീസ്

Jaihind News Bureau
Wednesday, September 30, 2020

 

പെരിയ ഇരട്ടക്കൊലപാതകത്തില്‍ നടപടി കടുപ്പിച്ച് സി.ബി.ഐ. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കേസ് ഡയറി കൈമാറാന്‍ തയാറാകാത്ത പൊലീസ് നടപടിക്കെതിരെയാണ് സി.ബി.ഐ രംഗത്തെത്തിയത്. കേസ് ഡയറി ഉടന്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ ക്രൈംബ്രാഞ്ചിന് നോട്ടീസ് നല്‍കി. ആറു തവണ കത്ത് നല്‍കിയിട്ടും കേസ് ഡയറി കൈമാറാന്‍ പൊലീസ് തയാറാകാത്ത സാഹചര്യത്തിലാണ് സി.ബി.ഐയുടെ അപൂർവ നടപടി. ഇനിയും കൈമാറിയില്ലെങ്കില്‍ കേസ് ഡയറി പിടിച്ചെടുക്കുമെന്നും സി.ബി.ഐ വ്യക്തമാക്കി. അതേ സമയം സി.ബി.ഐ അന്വേഷണം വൈകിപ്പിക്കാനുള്ള സർക്കാർ ശ്രമത്തിന്‍റെ ഭാഗമായാണ് ക്രൈംബ്രാഞ്ച് കേസ് ഡയറി നൽകാത്തതെന്നാണ് സൂചന.

കേസ് രേഖകള്‍ ആവശ്യപ്പെട്ട് സി.ആര്‍.പി.സി 91 പ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് സി.ബി.ഐ നോട്ടീസ് നല്‍കി. രേഖകള്‍ നല്‍കിയില്ലെങ്കില്‍ പിടിച്ചെടുക്കാന്‍ സാധിക്കുന്നതാണ് ഈ വകുപ്പ്. അത്യപൂര്‍വമായാണ് കേന്ദ്ര ഏജന്‍സികള്‍ ഈ വകുപ്പ് പ്രയോഗിക്കുന്നത്. മുമ്പ് ആറ് തവണ നോട്ടീസ് നല്‍കിയിട്ടും കേസ് രേഖകള്‍ സി.ബി.ഐക്ക് നല്‍കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് നടപടികള്‍ കൂടുതല്‍ കര്‍ക്കശമാക്കാന്‍ അന്വേഷണ സംഘം ഒരുങ്ങുന്നത്. കേസ് രേഖകള്‍ ആവശ്യപ്പെട്ട് കൊച്ചി സി.ജെ.എം കോടതിയിലും സി.ബി.ഐ അപേക്ഷ നല്‍കിയിട്ടുണ്ട്. നേരിട്ട് രേഖകള്‍ ലഭിച്ചില്ലെങ്കില്‍ കോടതി വഴി ലഭ്യമാക്കാനുള്ള ശ്രമമാണ് സി.ബി.ഐ നടത്തുന്നത്.

2019 ഫെബ്രുവരിയിലാണ് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും പെരിയയില്‍ വെച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. സി.പി.എം നേതാക്കളും പ്രവർത്തകരും പ്രതികളായ കേസ് ആദ്യം ലോക്കൽ പോലീസും ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്.എന്നാൽ ക്രെെംബ്രാഞ്ച് അന്വേണം തൃപ്തികരമല്ലാത്തതിനെ തുടർന്ന് കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കളും കോൺഗ്രസും നല്‍കിയ ഹര്‍ജിയില്‍ 2019 സെപ്തംബര്‍ 30നാണ് അന്വേഷണം സി.ബി.ഐക്ക് വിട്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത്. എന്നാൽ ഇതിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് വിധി ശരിവെച്ചു. തുടർന്ന് സി.ബി.ഐ അന്വേഷണത്തെ തടയാൻ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അവിടെയും സർക്കാറിന് നിരാശയായിരുന്നു ഫലം. തിരുവനന്തപുരം സി.ബി.ഐ യൂണിറ്റ് അനന്തകൃഷ്ണനാണ് കേസന്വേഷണത്തിന്‍റെ ചുമതല.

പെരിയ കേസിന്‍റെ കേസ് ഡയറിയും അനുബന്ധ രേഖകളും ക്രൈംബ്രാഞ്ച് കൈമാറുന്നില്ലെന്ന് നേരത്തെ എറണാകുളം സി.ജെ.എം കോടതിയില്‍ നല്‍കിയ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ സി.ബി.ഐ വ്യക്തമാക്കിയിരുന്നു. കേസ് ഡയറി ലഭിച്ചാൽ കേസന്വേഷണം വേഗത്തിലാക്കാനാണ് സി.ബി.ഐ തീരുമാനം.