‘വെഞ്ഞാറമൂട് കൊലപാതകം സി.ബി.ഐ അന്വേഷിക്കണം ; സി.പി.എം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പല്‍’ : കെ സുധാകരന്‍ എം.പി

Jaihind News Bureau
Thursday, September 3, 2020

K-Sudhakaran

കണ്ണൂർ : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് കെ സുധാകരൻ എം.പി. വെഞ്ഞാറമൂടിൽ കൊല്ലപ്പെട്ടതും കൊന്നതും സി.പി.എം ക്രിമിനലുകളാണ്. കൊലയുടെ മറവിൽ വ്യാപകമായി കോൺഗ്രസ് ഓഫീസുകൾ തകർക്കാൻ സി.പി.എം നേതൃത്വം നിർദേശം നൽകിയിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ ഡി.സി.സി പ്രസിഡന്‍റ് സതീശൻ പാച്ചേനി നടത്തുന്ന സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുധാകരൻ.

രാഷ്ട്രീയ എതിരാളികൾക്കെതിരെ അക്രമം നടത്തുക എന്നത് സി.പി.എം കാലങ്ങളായി തുടരുന്ന പ്രവണതയാണ്. വെഞ്ഞാറമൂട്ടിൽ കൊല്ലപ്പെട്ടതും കൊന്നതും സി.പി.എം ക്രിമിനലുകളാണ്. വെഞ്ഞാറമൂട്ടില്‍ മരിച്ച മിഥിലാജ് സി.പി.എം നേതാക്കളുടെ ബോഡി ഗാർഡായിരുന്നു. വെഞ്ഞാറമൂട് കൊലപാതകം സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കെ സുധാകരൻ എം.പി ആവശ്യപ്പെട്ടു.

പെരിയ ഇരട്ടക്കൊലപാതകം സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കാതിരിക്കാൻ സർക്കാർ ചെലവാക്കിയ തുക പിണറായിയുടെ തറവാട്ടിൽ നിന്ന് കൊണ്ടുവന്നതല്ല, പൊതുജനങ്ങളുടെ നികുതിപ്പണമാണ് എന്ന് ഓർക്കണം. വെഞ്ഞാറമൂട് കൊലപാതകത്തെ തുടർന്ന് ഒരു ലോക്കൽ കമ്മിറ്റിയിൽ ഒരു കോൺഗ്രസ് ഓഫീസ് തകർക്കാനായിരുന്നു നിർദേശം. എന്നാൽ അത്രയൊന്നും സംഭവിച്ചിട്ടില്ല. സി.പി.എം അണികൾക്ക് മടുത്തിരിക്കുന്നു. സർക്കാരിനെ ന്യായീകരിക്കേണ്ട ബോധ്യം തങ്ങൾക്കില്ലെന്ന് സി.പി.എം അണികൾ തിരിച്ചറിഞ്ഞിരിക്കുന്നു. സി.പി.എം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ്. വിശ്വാസം നഷ്ടപ്പെട്ടവനായി പിണറായി മാറി. കേരളമാണ് സി.പി.എമ്മിന്‍റെ അവസാനത്തെ തുരുത്ത്. ഈ തുരുത്ത് വെള്ളത്തിൽ മുങ്ങാൻ മാസങ്ങൾ മതിയെന്നും കെ സുധാകരൻ എം.പി പറഞ്ഞു. സണ്ണി ജോസഫ് എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിച്ചു.