ന്യൂഡല്‍ഹി: വടക്കാഞ്ചേരി ലൈഫ് മിഷൻ ക്രമക്കേടിൽ അന്വേഷണം ആവശ്യമാണെന്ന് സിബിഐ സുപ്രീംകോടതിയിൽ. ഇടപാടുകൾ നിയമവ്യവസ്ഥകൾ ലംഘിച്ചുള്ളതാണെന്നും സിബിഐ. യൂണിടാക് എം.ഡി സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു.
വിദേശ സംഭാവന സ്വീകരിച്ചതിൽ അന്വേഷണം ആവശ്യമാണ്. കരാറുമായി ബന്ധപ്പെട്ട പല ഇടപാടുകളും നിയമ വ്യവസ്ഥകൾ ലംഘിച്ചാണ്. കരാർ ലഭിക്കാൻ കൈക്കൂലി നൽകി എന്ന് കമ്പനി ഉടമ തന്നെ വ്യക്തമാക്കുന്നു എന്നും സിബിഐ സുപ്രീംകോടതിയിൽ.
നേരത്തെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. സിബിഐ അന്വേഷണം ഫെഡറൽ സംവിധാനത്തെ ചോദ്യം ചെയ്യുന്നത് എന്നാണ് സംസ്ഥാന സർക്കാർ കോടതിയിൽ വാദിച്ചത്. അന്ന് സിബിഐക്കും കേന്ദ്രസർക്കാരിനും സുപ്രീംകോടതി നോട്ടീസ് അയച്ചിരുന്നു. അതിൽ സിബിഐ നൽകിയ മറുപടി സത്യവാങ് മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം സിബിഐ അന്വേഷണത്തെ എതിർത്ത് സന്തോഷ് ഈപ്പനും സുപ്രീംകോടതിയെ സമീപിച്ചു.
പദ്ധതിയിൽ വിദേശ സംഭാവന നിയന്ത്രണ വകുപ്പ് ലംഘനം ഉണ്ടായിട്ടില്ല എന്ന് ചൂണ്ടിക്കാണിച്ചാണ് സന്തോഷ് ഈപ്പൻ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ലൈഫ് മിഷൻ കേസ് പരിഗണിക്കുന്നത്.